s

പൂച്ചാക്കൽ: അരൂക്കുറ്റി വടുതലയിൽ അപകടകെണിയൊരുക്കി റോഡരികിലെ മരങ്ങൾ. അപകടം വിളിച്ചുവരുത്തുമ്പോഴും അധികൃതർ മൗനവെടിയാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം പീലിംഗ് ഷെഡിലേക്ക് ചെമ്മീൻ കയറ്റി കൊണ്ടുപോയ മിനിലോറി മരത്തിലിടിച്ച് മറിഞ്ഞ്, ടൺ കണക്കിന് ചെമ്മീനാണ് റോഡിൽ ചിതറി വീണ് ഉപയോഗ ശൂന്യമായത്. ഇതേ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അരൂക്കുറ്റി റോഡിൽ മാത്താനം മുതൽ പുത്തൻ പാലം വരെയുള്ള ഭാഗങ്ങളിൽ ഇരുവശങ്ങളിലുമുള്ള പാഴ്മരങ്ങൾ , വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും പ്രതിസന്ധി ഉണ്ടാക്കി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചുവട് ഭാഗം ദ്രവിച്ച് നിൽക്കുന്ന മരങ്ങൾ പോലും വെട്ടിമാറ്റുന്നില്ലെന്ന് പരാതിയുണ്ട്. മഴയിലും കാറ്റിലും വൃക്ഷശിഖരങ്ങൾ വീണ് അപകടങ്ങൾ പതിവാണ്. ഒരു വർഷം മുമ്പ് റോഡ് അരികിലെ തെങ്ങിൽ ഇടിച്ച് ഇരുചക്ര വാഹനം ഇടിച്ച് യുവാവിന്റേയും , വടുതല പുത്തൻപാലത്തിന് സമീപം വെച്ച് പുളിമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് സ്‌കൂട്ടർ യാത്രക്കാരന്റേയും ജീവൻ പൊലിഞ്ഞതാണ്. നിരന്തരമായ അപകടങ്ങൾ നടക്കുന്ന വാർത്ത കഴിഞ്ഞ 8 ന് കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗസ്ഥന്മാർ സ്ഥലം സന്ദർശിച്ച് മടങ്ങിയതല്ലാതെ നടപടി ഒന്നും എടുത്തില്ല. ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന മുഴുവൻ മരങ്ങളും അടിയന്തിരമായി വെട്ടിമാറ്റണമെന്ന് സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മറ്റി സെക്രട്ടറി വിനു ബാബു ആവശ്യപ്പെട്ടു.