s

30 ശതമാനം നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി

ആലപ്പുഴ: ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയിൽ 30 ശതമാനം നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ മാറി. ജില്ലയിൽ ലക്ഷ്യമിടുന്ന 9666 സംരംഭങ്ങളിൽ 3000 സംരംഭങ്ങൾ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തിനുള്ളിൽ ആരംഭിച്ചു. ഉത്പാദന, വ്യാപാര, സേവന മേഖലകളിലെ ഈ സംരംഭങ്ങൾ വഴി ജില്ലയിൽ 144 കോടി രൂപയുടെ നിക്ഷേപവും 6160 പേർക്ക് തൊഴിലും ലഭിച്ചു. കളക്ടർ ഡോ. രേണു രാജ് അദ്ധ്യക്ഷയായ മോണിട്ടറിംഗ് സമിതിയാണ് പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്

തദ്ദേശ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തുടർച്ചയായി സംരംഭകർക്ക് സഹായം ലഭ്യമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ്പ് ഡസ്‌ക് പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി നിയമിച്ചിട്ടുള്ള ഇന്റേണുകളുടെ സേവനവും ഹെൽപ്പ് ഡസ്‌കിൽ ലഭ്യമാകും. സംരംഭകരാകാൻ സന്നദ്ധരാകുന്നവർക്ക് ലോൺ, സബ്‌സിഡി മേളകളിലൂടെ സഹായം ഉറപ്പാക്കുമെന്ന് പദ്ധതി കൺവീറായ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി.ഒ.രഞ്ജിത്ത് പറഞ്ഞു.

സംരംഭകരുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി എം.എസ്.എം.ഇ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ബാങ്കിംഗ്, ജി.എസ്.ടി, നിയമം, അനുമതികളും ലൈസൻസുകളും, വിപണനം, സാങ്കേതിക വിദ്യ, കയറ്റുമതി, പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ എന്നീ മേഖലകളിലെ വിദഗ്ധരുടെ സേവനം ക്ലിനിക്കിലൂടെ ലഭിക്കും. ഫോൺ 04772241632

സംരംഭങ്ങൾ

 മൂന്ന് മാസത്തിനുള്ളിൽ കൈവരിച്ച നേട്ടം............30ശതമാനം

 ലക്ഷ്യമിടുന്നത്.........................................................9,666

ആരംഭിച്ചത്.............................................................3,000

നിക്ഷേപം................................................................144കോടിരൂപ

 തൊഴിൽ.................................................................6,160പേർക്ക്

ബോധവത്കരണത്തിൽ പങ്കെടുത്തത്.................8.000പേർ

ഇന്റേണുകളുടെ സേവനം..................................... തിങ്കൾ, ബുധൻ