
കാടുകയറി നശിച്ച് ഹോമിയോ ആശുപത്രി കെട്ടിടവും പരിസരവും
ചാരുംമൂട്: വേടരപ്ലാവ് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം കാടുകയറി നശിക്കുകയാണ്. കഴിഞ്ഞ കാലാവർഷത്തിൽ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ട് ഡിസ്പെൻസറിയിലെ ഓഫീസ് റൂമിന്റെ തറ താഴുകയും ടൈലുകൾ പൊട്ടി മാറുകയും ചെയ്തതിനെ തുടർന്ന് ഡിസ്പെൻസറി അടുത്തുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു വർഷത്തിലേറെയായിട്ടും ഡിസ്പെൻസറിയുടെ തറ വൃത്തിയാക്കി പ്രവർത്തന യോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
താത്കാലികം എന്നരീതിയിൽ പ്രവർത്തനമാരഭിച്ചെങ്കിലും ഇപ്പോൾ 6000 രൂപയോളം പ്രതിമാസ വാടകയിൽ ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുകയാണ്.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 3 സെന്റ് സ്ഥലത്ത് 2018 ലാണ് ഹോമിയോ ആശുപത്രി പ്രവർത്തനമാരംഭിച്ചത്.പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഇന്ന് കാട് കയറി തെരുവ്നായ്ക്കളുടെ ആവാസകേന്ദ്രമായി മാറി. ഹോമിയോ ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണത്തിന് കഴിഞ്ഞ ഭരണസമിതി മൂന്നുലക്ഷം രൂപ അനുവദിച്ചെങ്കിലും പിന്നീട് വന്ന അധികൃതരുടെ അനാസ്ഥയും തർക്കങ്ങളും കാരണം കോൺട്രാക്ടർ നിർമ്മാണം ഉപേക്ഷിക്കുകയും പദ്ധതിത്തുക ലാപ്സാകുകയും ചെയ്തു. എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെത്തി കെട്ടിട പരിശോധന നടത്തുകയും മുറിയുടെ അടി ഭാഗത്തെ മണ്ണു നീങ്ങിയതാണ് തറയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമായതെന്നും കെട്ടിടത്തിനു ബലക്ഷയമുണ്ടായിട്ടില്ലെന്നുമുള്ള പ്രാഥമിക വിലയിരുത്തൽ ഉണ്ടായിട്ടും അറ്റകുറ്റപ്പണി വൈകുന്നതാണ് പ്രതിഷേധത്തിന് കാരണം.
........................................
അധികൃതരുടെ അനാസ്ഥയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഈ കെട്ടിടം കാടുപിടിച്ച് നശിച്ചു കൊണ്ടിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളാണ് ആശുപത്രിയുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം .ഇനിയെങ്കിലും കാലതാമസം കൂടാതെ കെട്ടിടം വൃത്തിയാക്കി ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം പുന:രാരംഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് ഭരണ സമിതി നടപടി സ്വീകരിക്കണം.
കെ മോഹനൻ നായർ പ്രദേശവാസി