
അമ്പലപ്പുഴ: മാസങ്ങൾക്ക് മുമ്പ് കംപ്രസർ മാറ്റി വച്ച ഫ്രിഡ്ജ് കത്തി നശിച്ചു. പുന്നപ്ര തുരുത്തിക്കാട് പത്മവിലാസത്തിൽ പ്രദീപിന്റെ വീട്ടിലെ ഫ്രിഡ്ജാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ കത്തിനശിച്ചത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പുക ഉയരുന്നതു കണ്ട് സമീപവാസികൾ എത്തിയപ്പോഴാണ് ഫ്രിഡ്ജ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാല് വർഷം പഴക്കമുളള ഫ്രിഡ്ജിന്റെ കംപ്രസർ ഏതാനും മാസങ്ങൾക്ക് മുമ്പ് മാറ്റി മറ്റൊന്നു ഘടിപ്പിച്ചിരുന്നു. പിന്നീടുളള ഇതിന്റെ പ്രവർത്തനം ശരിയായ നിലയിലായിരുന്നില്ലന്ന് പ്രദീപ് പറഞ്ഞു. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളും അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങളും കത്തിനശിച്ചു. ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തീ കെടുത്തി ഫ്രിഡ്ജ് മുറിക്ക് പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടല്ല അപകടകാരണം.