മാവേലിക്കര: കല്ലുമല റെയിൽവേ മേൽപ്പാല നിർമാണത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് 38.22 കോടി രൂപ കിഫ്ബിയിൽ നിന്നനുവദിച്ചിരുന്നു. ഇതിനും ഒരു വർഷം മുമ്പുതന്നെ പ്രാഥമിക അനുമതി ലഭിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ഒഫ് കേരള തയ്യറാക്കിയ പ്രൊജക്ടിനാണ് കിഫ്ബി ഗവേണിംഗ് ബോഡി അന്തിമാനുമതി നൽകിയത്. മുഴുവൻ പണവും സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും മുടക്കും.
മാവേലിക്കരകല്ലുമല റോഡിൽ റെയിൽവേ സ്റ്റേഷനു വടക്കു വശത്തെ പ്രധാന റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള പദ്ധതി 2018- 19 ലെ ബഡ്ജറ്റിലാണ് ഉൾപ്പെടുത്തിയത്. അനുമതി ലഭിക്കുന്നതിലെ കാലതാമസം എം.എൽ.എ റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി അബ്ദുറഹ്മാനെ അറിയിച്ചു. തുടർന്ന് മന്ത്രിയുടെ ചേംബറിൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എം.എൽ.എയുടെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് റെയിൽവേ കോർഡിനേഷൻ മീറ്റിങ്ങിൽ അനുമതി അനുമതി നൽകിയത്. ചീഫ് ബ്രിഡ്ജ് എൻജിനീയർ ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് അംഗീകരിച്ചു.
500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് പാലം നിർമാണം. 1.50 മീറ്റർ വീതിയിൽ ഒരു വശത്ത് നടപ്പാതയും ഉണ്ടാകും. അടിയന്തിരമായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടറോടും നിർമാണം ആരംഭിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ഒഫ് കേരള ലിമിറ്റഡിനോടും നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.