മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ഇന്ന് മുതൽ അഗസ്റ്റ് 16 വരെ നടക്കും. എല്ലാ ദിവസവവും രാമായണ പാരായണം, വൈകുന്നേരം 4.15 മുതൽ 6.15 വരെ ആടിമാസകച്ചേരി , കച്ചേരി ഇല്ലാത്ത ദിവസങ്ങളിൽ വൈകിട്ട് 5.15 മുതൽ 6.15 വരെ രാമായണ പ്രഭാഷണം, രാത്രി അത്താഴപൂജയ്ക്ക് ശേഷം കർക്കിടക ഔഷധ കഞ്ഞി വിതരണം എന്നിവ ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്കായി നിത്യവും പ്രശ്‌നോത്തരി ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിനടത്തും. ഗൂഗിൾ ഫോം വഴി ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ അതിലൂടെതന്നെ രേഖപ്പെടുത്തി അയക്കുകയും വേണം. എല്ലാ ദിവസവും ഒരു ചോദ്യം വീതം ഉണ്ടാകും. എല്ലാ ദിവസവും നറുക്കെടുത്ത് ഒരു വിജയിയെ പ്രഖ്യാപിക്കും. കൂടാതെ എല്ലാദിവസവും ശരിയുത്തരങ്ങൾ അയയ്ക്കുന്നവരിൽനിന്നും ഒരാളെ മെഗാ വിജയിയായി പ്രഖ്യാപിക്കും. രാത്രി 8 മണി മുതൽ 9 മണി വരെയാണ് സമയം. ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്, വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി അതാതു ദിവസത്തെ ചോദ്യോത്തരത്തിനുള്ള ഗൂഗിൾ ഫോം രാത്രി 8 മണിക്ക് പ്രസിദ്ധപ്പെടുത്തും.
വിദ്യാർത്ഥികൾക്കുള്ള വിവിധ രാമായണ മത്‌സരങ്ങൾ ആഗസ്റ്റ് 7ന് രാവിലെ മുതൽ വൈകിട്ട് വരെ ക്ഷേത്രത്തിൽ 4 വേദികളിലായി നടത്തും. ഉപന്യാസ രചന, ചിത്ര രചന, രാമായണ പാരായണം, പ്രസംഗം, രാമായണ പ്രശ്നോത്തരി എന്നിങ്ങനെ അഞ്ചിനങ്ങളിലായി എൽ.പി, യു.പി, ഹൈസ്കൂൾ, ഹൈസ്കൂൾ ഉപരി വിഭാഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് മത്സരം. പങ്കെടുക്കുവാനുള്ള കുട്ടികൾ 7ന് രാവിലെ 9ന് മുമ്പായി ക്ഷേത്രത്തിന്റെ പ്രധാന വേദിയിൽ എത്തി റിപ്പോർട്ട് ചെയ്യണം.
ഓഗസ്റ്റ് 17ന് വൈകിട്ട് 5ന് വിജയികൾക്ക് സമ്മാനം നൽകും. ഇതോടൊപ്പം രാമായണ കലാപ്രതിഭ, രാമായണ കലാതിലകം എന്നിവരെ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് മറ്റം വടക്ക് തോപ്പിൽ കെ.വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥമുള്ള എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന സ്കൂളിന് കുളഞ്ഞിക്കാരാഴ്മ കൊച്ചുകളീക്കൽ ഗോപാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എവർറോളിംഗ് ട്രോഫിയും നൽകും. പത്രസമ്മേളനത്തിൽ ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ പ്രസിഡൻ്റ് എം.കെ രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡൻ്റ് പി. കെ രജികുമാർ ജോയിൻ്റ് സെക്രട്ടറി. എൻ. രാധാക്യഷ്ണ പണിക്കർ എന്നിവർ പങ്കെടുത്തു.