
തുറവൂർ :കോടംതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ കുത്തിയതോട് പാലം മുതൽ ചമ്മനാട് സ്കൂൾ വരെയുള്ള പഞ്ചായത്ത്പരിധിയിലെ , ദേശീയപാതയിലെ മീഡിയനുകളിൽ വളർന്നുനിന്നിരുന്ന പുല്ലുകളും, വള്ളിപടർപ്പുകളും വെട്ടി വൃത്തിയാക്കി. മീഡിയനുകളിൽ കാട് പിടിച്ചതിനെ തുടർന്ന് ദേശീയപാതയിലൂടെയുള്ള സുഗമമായ ഗതാഗതത്തെ ബാധിക്കുകയും അപകടഭീഷണി ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് കോടംതുരുത്ത് പഞ്ചായത്ത് അധികൃതരുടെ അടിയന്തരമായ ഇടപെടലുകളുണ്ടായത്. കുത്തിയതോട് ബസ് സോപ്പിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാബു അദ്ധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ ഷൈലജൻ കാട്ടിത്തറ സി.ടി.വിനോദ്, ആശാഷാബു പഞ്ചായത്തംഗങ്ങളായ ബെൻസി രാഘവൻ, റീണാമോൾ, അനീഷ ബിനു തുടങ്ങിയവർ പങ്കെടുത്തു. ദേശീയപാതയിലെയടക്കമുള്ള സ്ട്രീറ്റ്ലൈറ്റുകളും കുത്തിയതോട് ബസ് സ്റ്റോപ്പിലുള്ള ഹൈമാസ്റ്റ് ലൈറ്റും കേടുപാടുകൾ തീർത്തു പ്രകാശിപ്പിക്കുവാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ പറഞ്ഞു.