
ഫണ്ട് പാലത്തിന് മാത്രം, റോഡിനില്ല
അമ്പലപ്പുഴ : പാലം പണിത് വർഷങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡിന്റെ ടാറിംഗ് നടക്കാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ അപകടം പതിവാകുന്നു. പടഹാരം കൊല്ലം മുക്ക് ജംഗ്ഷനിലെ ഷാപ്പുംപടി പാലത്തിന്റെ അപ്രോച്ച് റോഡാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമായി മാറിയത്.
2017-18ലാണ് ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം രൂപ വിനിയോഗിച്ച് പാലം നിർമ്മിച്ചത്. പാലത്തിന് മാത്രമാണ് ഫണ്ട് അനുവദിച്ചതെന്നും അപ്രോച്ച് റോഡിന് ഫണ്ടുണ്ടായിരുന്നില്ലെന്നുമാണ് അന്നത്തെ ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ പറയുന്നത്. 2018ൽ പാലം ഗതാഗതത്തിനായി തുറന്നു നൽകിയെങ്കിലും മെറ്റലും പൂഴിയും മാത്രം ഇട്ട അപ്രോച്ച് റോഡ് വാഹനയാത്രക്കാർക്ക് ദുരിതമായി മാറി.
കനത്ത മഴയിൽ അപ്രോച്ച് റോഡിലിട്ട മെറ്റലും പൂഴിയും ഒലിച്ചുപോയതോടെ കാൽ നടയാത്ര പോലും ബുദ്ധിമുട്ടാണ്. പ്രദേശത്തെ നൂറു കണക്കിനു വിദ്യാർത്ഥികളാണ് തകഴി ശിവശങ്കരപ്പിള്ള മെമ്മോറിയൽ എൽ.പി സ്കൂളിലേക്ക് സൈക്കിളിൽ ഇതുവഴിപോകുന്നത്. പാലത്തിന്റെ അരികും, അപ്രോച്ച് റോഡും തമ്മിലുള്ള ഉയര വ്യത്യാസം കാരണവും, അപ്രോച്ച് റോഡിലെ മെറ്റൽ ഒലിച്ചുപോയതിനാലും സൈക്കിളിൽ പോകുന്ന വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. പുല്ലങ്ങടി, ചമ്പക്കുളം ഭാഗത്തേക്കും, തകഴി ജംഗ്ഷനിലേക്കും, പടഹാരം, ചിറയകം ഭാഗത്തുള്ളവർക്ക് പോകാനുള്ള ഏക മാർഗമാണ് ഈ പാലം. നിരവധി തവണ തകഴി പഞ്ചായത്തിനും, ജില്ലാ പഞ്ചായത്തിനും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
നാട്ടുകാരുടെ പരാതി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് പാലം. അപ്രോച്ച് റോഡിനും തുക വകയിരുത്തിയിരുന്നോ എന്ന് അന്വേഷിച്ചു വരികയാണ്. സാധാരണ പാലത്തിനും, അപ്രോച്ച് റോഡിനും കൂടിയാണ് ഫണ്ട് അനുവദിക്കുന്നത്
- അജയകുമാർ പ്രസിഡന്റ് , തകഴി ഗ്രാമപഞ്ചായത്ത്