sidheek

മാന്നാർ : മോഷ്ടിച്ച സാധനങ്ങളുമായി വന്നവർ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുന്നിൽ കുടുങ്ങി. കായംകുളം രണ്ടാംകുറ്റി പന്തപ്ലാവിൽ സിദ്ധിഖ് (40), കറ്റാനം ഇലിപ്പക്കുളം തടാലിൽ വടക്കേതിൽ മുഹമ്മദ്‌ ഇല്യാസ് (29) എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.
തിരുവല്ല ഭാഗത്തു റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികൾ മോഷണം പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പൊടിയാടി മണിപ്പുഴ പാലത്തിനു സമീപം നിന്ന് ഓട നിർമ്മിക്കുന്നതിനാവശ്യമായ ഇരുമ്പ് ഷീറ്റ് ഒരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോയതായുള്ള വിവരം പുളിക്കീഴ് പൊലീസ് മാന്നാർ എസ്.എച്ച്.ഒ. ജി.സുരേഷ് കുമാറിന് കൈമാറിയതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. മാന്നാർ-തട്ടാരമ്പലം റോഡിൽ ഇരമത്തൂർ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിർത്താതെപോയ പെട്ടിഓട്ടോ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. വാഹനത്തിലുള്ളത് മോഷണ സാധനങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. എസ്.ഐ ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർ സിദ്ധിഖ് ഉൽ അക്ബർ എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെയും വാഹനവും പുളിക്കീഴ് പൊലീസിന് കൈമാറി.