രാജിവച്ച പ്രസിഡന്റ് തുടർന്നാൽ കോടതിയെ സമീപിക്കുമെന്ന് മുൻപ്രസിഡന്റ്

ആലപ്പുഴ: സി.പി.എം ഭരിക്കുന്ന മുതുകുളം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന്റെ രാജി കത്ത് ഭരണ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നു. സി.പി.എം പ്രതിനിധിയായ കെ.വി.ജ്യോതി പ്രഭ പഞ്ചായത്ത് അംഗത്വം രാജിവച്ചു നൽകിയ കത്തും പിന്നീട് രാജി പിൻവലിച്ചുള്ള കത്തുമാണ് പ്രതിസന്ധിക്ക് കാരണം. പ്രസിഡന്റുകൂടിയ കെ.വി.ജ്യോതി പ്രഭ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് നിശ്ചിത ഫോറത്തിൽ ഗസ്റ്റഡ് ഓഫീസർ സാക്ഷിപ്പെടുത്തി രജിസ്റ്റേഡായി രാജികത്ത് സെക്രട്ടറിക്ക് അയച്ചത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 12.21ന് ജ്യോതി പ്രഭ താൻ രജിസ്റ്റേഡായി രാജികത്ത് അയച്ചിട്ടുണ്ടെന്നും തുടർ നടപടി സ്വീകരിക്കരുതെന്നും കാണിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ രേഖാമൂലം സെക്രട്ടറിക്ക് നേരിട്ട് കത്തു നൽകി. അന്ന് ഉച്ചയ്ക്ക് 12.30ന് രജിസ്റ്റേഡായിയുള്ള രാജികത്തും ലഭിച്ചു. തുടർന്ന് സെക്രട്ടറി ബീനാ മോൾ നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിൽ അന്തിമ തീർപ്പ് കല്പിക്കുന്നതിനായി ഇരു കത്തുകളും കവറിംഗ് ലെറ്ററോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അന്നു തന്നെ കൈമാറി.

254,155 വകുപ്പുകൾ അനുസരിച്ച് രാജി സംബന്ധിച്ച് തീർപ്പാക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് പഞ്ചായത്ത് രാജ് ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷന്റെ തീരുമാനം വരുന്നതുവരെ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്. രണ്ട് മാസം മുമ്പ് നാലാം വാർഡ് അംഗം ബി.ജെ.പി പ്രതിനിധിയായ കെ.എസ്.ബൈജു രാജിവച്ചിരുന്നു.

15 അംഗ പഞ്ചായത്ത് സമിതിയിൽ അഞ്ചുവീതം എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളും നാല് ബി.ജെ.പി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ്. സ്വതന്ത്രനെ വൈസ് പ്രസിഡന്റാക്കിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. പ്രസിഡന്റ് രാജി വയ്ക്കുകയും പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിൽ നിയമ പ്രശ്നം ഉള്ളതിനാൽ നിലവിലെ പ്രസിഡന്റ് തുടരാൻ കഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ബി. എസ്. സുജിത്ത് ലാൽ പറഞ്ഞു. രണ്ട് വർഷംകഴിഞ്ഞിട്ടും പഞ്ചായത്തിൽ ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. സി.പി.എമ്മിലെ വിഭാഗീയതയാണ് പ്രസിഡന്റിന്റെ രാജിയിൽ എത്തിച്ചതെന്ന് സുജിത്ത് ലാൽ ആരോപിച്ചു.