
ഹരിപ്പാട് : ജില്ലയിലെ ഏക വനമായ,വീയപുരത്തെ സർക്കാർ സംരക്ഷിത വനം തകർച്ച നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഗൗനിക്കാതെ വനം വകുപ്പ് . പതിനാലര ഏക്കറിൽ പരന്നു കിടക്കുന്ന വനഭൂമിയുടെ 3 ഏക്കറിലധികം ഇതിനകം നദിയെടുത്തു.
നദിയോട് ചേർന്ന പുരയിടത്തിലുണ്ടായിരുന്ന പാലമരങ്ങളും പഴക്കമുള്ള തേക്ക് മരങ്ങളും തെങ്ങും ഉൾപ്പടെ നദി കവർന്നു. പമ്പാനദിയുടെ തെക്കേക്കരയിലും പമ്പയുടെ കൈവഴിയുടെ കിഴക്കെ കരയിലുയാണ് ഏറ്റവും കൂടുതൽ പ്രദേശം നദിയെടുത്തത്. നദീതീരത്ത് സംരക്ഷണ ഭിത്തി കെട്ടിയാൽ ഇതിന് ശാശ്വതപരിഹാരമാകും.
ഈ ആവശ്യം ഉന്നയിച്ച് വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പിന് നിവേദനം സമർപ്പിച്ചിരുന്നെങ്കിലും അന്ന് സംരക്ഷിത വനമായി പ്രഖ്യാപിച്ചിരുന്നില്ല. പുനലൂർ ഫോറസ്റ്റ് ഡിവിഷനു കീഴിലെ ടിമ്പർ ഡിപ്പോ ആയാണ് പ്രവർത്തിച്ചിരുന്നത്. ഫോറസ്റ്റ് അല്ലാത്തത് കൊണ്ടും ആലപ്പുഴ ഫോറസ്റ്റ് പരിധിയിൽ വരാത്തതിനാലും തുക വിനിയോഗിക്കാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച മറുപടി. സംരക്ഷിത വനമായി പ്രഖ്യാപിച്ചതിനു ശേഷം നദിയുടെ പടിഞ്ഞാറെ കരയുടെ തീരത്ത് സംരക്ഷണ ഭിത്തി കെട്ടി.
ടൂറിസം സാദ്ധ്യതകൾ
നിരവധി സിനികളുടെയും സീരിയലിന്റെയും ചിത്രീകരണം നടന്നിട്ടുള്ള പ്രദേശത്ത് ഇക്കോ ടൂറിസത്തിന്റെ വികസനത്തിന് നടപടി സ്വീകരിക്കാൻ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ ശ്രമം നടത്തിയിരുന്നു. അന്നത്തെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പ് ഡിപ്പോയിൽ നിർമ്മിച്ചിരുന്ന കെട്ടിടം ലക്ഷങ്ങൾ മുടക്കി പഴമയുടെ തനിമ നഷ്ടപ്പെടാതെ സംരക്ഷിച്ചു. എന്നാൽ, പുതിയ കൺസർവേറ്റർ എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. ത്രിവേണി സംഗമത്തിനു സമാനമായി അച്ചൻകോവിലാറും പമ്പയാറും അതിന്റെ കൈവഴിയും കൂടി ചേർന്ന് 3 നദികളുടെ സംഗമ സ്ഥാനമാണിവിടം. ഡിപ്പോയുടെ രണ്ടു കരകളെ ഫ്ലൈഓവർ കൊണ്ട് ബന്ധിപ്പിച്ചാൽ വിനോദ സഞ്ചാരികളുടെ വരവുണ്ടാകും. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രി കെ.രാജു ഇക്കോ ടൂറിസം പ്രഖ്യാപനം വീണ്ടും നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.
തകർച്ച നേരിടുന്ന വനത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകണം. സംരക്ഷിത വനം സംബന്ധിച്ച അവബോധം ജനങ്ങൾക്കുണ്ടാകണം
- അജ്മൽ (പ്രദേശവാസി)
സംരക്ഷിതവനത്തിന്റെ കരഭാഗം നദിയെടുക്കുന്നത് തടയാൻ ശാശ്വത പരിഹാരം കാണണം. തീരം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം.
- ഗോപാലകൃഷ്ണൻ (പ്രദേശവാസി)
കുട്ടനാടിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്നവരെ വീയപുരത്തേക്ക് ആകർഷിക്കാൻ കഴിയുന്ന ഒന്നാണ് സംരക്ഷിത വനം. അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ അധികൃതർ തയ്യാറാകണം
- ജിനു ജോർജ് (സമീപവാസി)