ആലപ്പുഴ: ആക്ഷേപങ്ങൾക്ക് മറുപടി പറയാതെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കെ.ആർ.ഗൗരി അമ്മയുടെ 104ാം ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് ജനമനസിൽ ഉയർന്ന സംശയങ്ങൾ നിവാരണം ചെയ്യാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. മൗനം, മറുപടിയില്ലാത്തതിന്റെ സൂചനയാണ്. ജനങ്ങൾക്ക് സാമാന്യനീതി നിഷേധിക്കുന്ന പൊലീസ് സംവിധാനത്തിന് ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ പരിരക്ഷ ലഭിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ അശോക സ്തംഭം വികലമാക്കി ആഘോഷിക്കുന്ന പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുകയാണ്. വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്നതിന്റെ സൂചനയാണ് പാർലമെന്റിൽ 65 വാക്കുകൾക്കേർപ്പെടുത്തിയ വിലക്കെന്നും സുധീരൻ പറഞ്ഞു.