ഹരിപ്പാട്: ബലിതർപ്പണത്തിന് പ്രശസ്തിയാർജ്ജിച്ച തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കടകവാവുബലി തർപ്പണ ചടങ്ങുകൾ 28ന് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ തുടങ്ങി. സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി നടപടികൾ ഏകോപിപ്പിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്കും, ക്രമസമാധാന പാലനത്തിന് ആവശ്യമായ പൊലീസിനെ നിയോഗിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ക്കും ക്ഷേത്ര ഭരണ സമിതി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്ക് ഓഫീസിൽ 20ന് യോഗം നടക്കും. ബലിതർപ്പണ സൗകര്യാർത്ഥം തൃക്കുന്നപ്പുഴ കടൽ തീരത്ത് നാൽപ്പതിൽ പരം പുരോഹിതർക്ക് ഇരിക്കുന്നതിന് പ്രത്യേക ഷെഡുകൾ നിർമ്മിക്കും. ബലിതർപ്പണം കഴിഞ്ഞുവരുന്ന ഭക്തർക്ക് പിതൃമോക്ഷത്തിന് ആയി ക്ഷേത്രത്തിൽ നടത്തുന്ന പിതൃപൂജ, തിലഹവനം എന്നീ വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഉദയഭാനു, സെക്രട്ടറി എസ്. സുഗുണാനന്ദൻ, വൈസ് പ്രസിഡന്റ് കെ.സുധാകരൻ നായർ, ട്രഷറർ എം.രഘുവരൻ, ജോ. സെക്രട്ടറി എം. സത്യനേശൻ എന്നിവർ അറിയിച്ചു.