കായംകുളം: കായംകുളം നഗരസഭയിൽ ഓഫീസ് ഉപയോഗത്തിനായി സെക്രട്ടറി കൊടുത്ത കമ്പ്യൂട്ടറുകൾ ചെയർപേഴ്സൺ തിരിച്ചെടുപ്പിച്ചത് വിവാദത്തിലായി. 2019-20ലെ പ്ലാൻ ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ മുടക്കി വാങ്ങിയ കമ്പ്യൂട്ടറുകളും പ്രിന്ററും നഗരസഭയിലെ എല്ലാ സെക്ഷനിലേക്കും രണ്ട് ആഴ്ചക്ക് മുമ്പ് സ്ഥലം മാറിപ്പോയ സെക്രട്ടറി വിതരണം ചെയ്തിരുന്നു. പല സെക്ഷനിലും പുതിയ കമ്പ്യൂട്ടർ ഉപയോഗിച്ചു ജോലി തുടങ്ങിയ സമയത്താണ് ചെയർപേഴ്സൺ ഇവ തിരിച്ചെടുപ്പിച്ചത്. ആഘോഷമായി വിതരണോദ്ഘാടനം നടത്തുന്നതിനാണ് ചെയർപേഴ്സൺ ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം. തകരാറിലായ കമ്പ്യൂട്ടറുകൾ മാറ്റി പുതിയത് തരണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടുവരികയായിരുന്നു. രണ്ടുവർഷമായി ഒരു വികസന പ്രവർത്തനവും നടപ്പാക്കാത്ത ചെയർപേഴ്സൺ ജനങ്ങൾക്ക് ഒരു ബാദ്ധ്യതയാണെന്ന് കൗൺസിലറും,മുൻ മുനിസിപ്പൽ ചെയർമാനുമായ കെ.പുഷപദാസ് പറഞ്ഞു.