അമ്പലപ്പുഴ: പുന്നപ്ര വടക്കു പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനെത്തിയ വനിതാ ഹരിത കർമ്മ സേനാംഗത്തോട് അപമര്യാദയായി പെരുമാറിയതായി പരാതി. പഞ്ചായത്തിലെ മൂന്നാം വാർഡിൽ തയ്യിൽ വീട്ടിൽ അരുൺ ഹരിത കർമ്മ സേനാംഗമായ ശ്രീലത സുനിലിനോട് അപമര്യാദയായി പെരുമാറുകയും, അസഭ്യം പറഞ്ഞതായുമാണ് പരാതി. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി കെ.എ.സാഹിറും, പഞ്ചായത്തംഗങ്ങളും, ജീവനക്കാരും സ്ഥലം സന്ദർശിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങൾ പുരയിടത്തിൽ കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തി.ഇതിന് പിഴ ഈടാക്കുന്നതിനൊപ്പം വനിതാ ഹരിത കർമ്മ സേനാംഗത്തോട് അപമര്യാദയായി പെരുമാറിയതിന് പുന്നപ്ര സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതിയും നൽകി.ഇത്തരം നടപടികൾ ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സെക്രട്ടറി അറിയിച്ചു.