ആലപ്പുഴ: മുൻകൂട്ടി പാക്ക് ചെയ്ത് വിൽക്കപ്പെടുന്ന എല്ലാ ഭക്ഷ്യോത്പന്നങ്ങൾക്കും അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയ നീക്കം ചെറുകിട വ്യാപാര ,വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി മത്സരിക്കേണ്ടി വരുന്നത് സാധാരണക്കാരുടെ നിലനിൽപ്പിനെ ബാധിക്കും. 40 ലക്ഷത്തിൽ താഴെ മാത്രം വിറ്റുവരവുള്ള ഇടത്തരം, ചെറുകിട വ്യാപാരികൾ വരെ ജി.എസ്.ടിയുടെ പരിധിയിൽ വരും. റിട്ടേൺ ഫയൽ ചെയ്യാനും ഭീമമായ തുകയും ചെലവാകും. അറിവില്ലായ്മയുടെ പേരിൽ ധാരാളം ചെറുകിട വ്യാപാരികൾ നികുതി നിയമക്കുരുക്കുകളിൽ അപകടപ്പെടാനും സാധ്യതയുണ്ട്. ഭക്ഷ്യോത്പന്നങ്ങൾക്ക് മേൽ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള നികുതി ഒഴിവാക്കണമെന്ന് രാജു അപ്‌സര ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമനും ജി.എസ്.ടി കൗൺസിലിനും പരാതി നൽകുമെന്നും രാജു അപ്‌സര പറഞ്ഞു.