
തുറവൂർ : നിർദ്ദിഷ്ട അരൂർ - തുറവൂർ ആകാശപ്പാതയുടെ മണ്ണുപരിശോധനയുമായി ബന്ധപ്പെട്ട പൈലിംഗിനിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാനപൈപ്പ് പൊട്ടിയതിനെത്തുടർന്ന് 5 പഞ്ചായത്തുകളിൽ 2 ദിവസം ജലവിതരണം മുടങ്ങും. ദേശീയ പാതയിൽ ചമ്മനാട് മാർക്കറ്റിന് സമീപം ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. പമ്പിംഗിനിടെ പൈപ്പ് പൊട്ടിയതിനാൽ ശുദ്ധജലം ശക്തമായി പുറത്തേക്കൊഴുകി പാതയോരം വെളളക്കെട്ടിലായി. പ്രധാന സംഭരണിയിൽ നിന്ന് അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തു പ്രദേശങ്ങളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന പൈപ്പിനാണ് കേടുപാട് സംഭവിച്ചത്. ഉച്ചയോടെ കുടിവെള്ളത്തിന്റെ പമ്പിംഗ് നിർത്തിവച്ചു. ജല അതോറിട്ടി അധികൃതർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പിന്റെ അറ്റകുറ്റപ്പണികൾ വൈകിട്ടോടെ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ തുറവൂർ മുതൽ അരൂർ വരെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാനാകുമെന്ന് ജിക്ക തൈക്കാട്ടുശേരി പ്ലാന്റ് അസി.എൻജിനീയർ ജി.സുരേഷ് പറഞ്ഞു.