ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതി പരിസരത്ത് നിന്ന് വ്യാഴാഴ്ച കാണാതായ അഭിഭാഷക, ആലപ്പുഴ സ്വദേശിനി ദേവി ആർ.രാജ് (48) കോട്ടയത്തുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവർ ഇന്ന് സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകുമെന്ന് അറിയിച്ചതായി ആലപ്പുഴ നോർത്ത് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി മുതൽ ദേവിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇവരുടെ കാറും ബാഗും ജില്ലാ കോടതിവളപ്പിലുണ്ടായിരുന്നു. സഹപ്രവർത്തകരായ അഭിഭാഷകർ തമ്മിലുണ്ടായ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ തർക്കം സംബന്ധിച്ച് കുറിപ്പ് പ്രചരിച്ചിരുന്നു. സംഘടനയിലെ വ്യക്തിതാത്പര്യ അജണ്ടകൾക്കെതിരെ ശബ്ദമുയർത്തിയാൽ അപകടപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്നും തനിക്കോ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആലപ്പുഴ ബാറിലെ ഒരു അഭിഭാഷകയായിരിക്കുമെന്നും ഫേസ് ബുക്കിൽ ദേവി പോസ്‌റ്റിട്ടിരുന്നു.
ഇന്ത്യൻ ലായേഴ്‌സ് യൂണിയനിലെ അംഗമാണിവർ. ദേവിയെ യൂണിയനിൽ നിന്ന് പുറത്താക്കിയെന്ന് പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. ദേവിയുടെ മൊബൈൽ ഫോൺ വ്യാഴാഴ്ച രാത്രി മുതൽ സ്വിച്ച് ഓഫായിരുന്നു. എന്നാൽ , ഇന്നലെ വൈകിട്ടോടെ നോർത്ത് സ്റ്റേഷൻ എസ്.ഐയെ ഫോണിൽ വിളിച്ചാണ് താൻ കോട്ടയത്തുണ്ടെന്നും ഇന്ന് നേരിൽ ഹാജരാകുമെന്നും അറിയിച്ചത്.
ജൂലായിലെ രണ്ടാം തിരോധാനം
മതിയായ യോഗ്യതകളില്ലാതെ രണ്ടരവർഷം കോടതികളിൽ പ്രാക്ടീസ് ചെയ്ത വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ തിരോധാനത്തിന് ഈ മാസം 22ന് ഒരു വർഷമാകുന്ന വേളയിലാണ് ആലപ്പുഴ കോടതിയിൽ നിന്ന് രണ്ടാമത്തെ അഭിഭാഷകയെയും കാണാതായത്. ബാർ അസോസിയേഷൻ ലൈബ്രേറിയനായിരുന്ന കുട്ടനാട് രാമങ്കരി സ്വദേശി സെസിക്ക് യോഗ്യതകളില്ലെന്ന് ആരോപിക്കുന്ന ഊമക്കത്തിലെ വിവരങ്ങൾ ശരിയാണെന്ന് വ്യക്തമായതോടെ അന്നത്തെ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ അഭിലാഷ് സോമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി നോർത്ത് പൊലീസ് കേസെടുത്തു. അഭിഭാഷകർക്കൊപ്പം കോടതിയിൽ ഹാജരായ സെസി ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്തിട്ടുണ്ടെന്ന് മനസിലായതോടെ അവിടെ നിന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.