
ചേർത്തല:കയർമേഖലയിലെ പ്രതിസന്ധികൾ സമരം കൊണ്ടുമാത്രം പരിഹരിക്കപ്പെടില്ലെന്നും ഉത്തരവാദിത്വപ്പെട്ടവരുടെ കാര്യക്ഷമമായ ഇടപെടലുകളാണ് ആവശ്യമെന്നും മുൻമന്ത്റി ജി.സുധാകരൻ പറഞ്ഞു.സി.പി.ഐ ചേർത്തല മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി, 'കയർ വ്യവസായത്തിന്റെ സാദ്ധ്യതകൾ, പ്രതിസന്ധികൾ" എന്നവിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ പ്രശ്‌നങ്ങൾ പഠിച്ച് വേണ്ട പരിഹാരങ്ങളാണ് നടപ്പാക്കേണ്ടത്.മൂന്നാം കയർ പുനഃസംഘടന നടപ്പാക്കണം.തൊഴിലാളികളുടെ കൂലിയും ഉത്പന്നങ്ങളുടെ നിലവാരവും ഉയർത്താനും നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിശാലമായ ആഭ്യന്തരവിപണി തുറന്നുകിടക്കുമ്പോഴും അതു പ്രയോജനപ്പെടുത്താതെ നിലവിളിക്കുകയാണ് അധികൃതർ. സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ ഏറ്റെടുക്കാനും ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണം.
ആഭ്യന്തരമായി കയറുവിൽക്കാൻ മുഖ്യമന്ത്റിയായിരുന്ന വി.എസ്.അച്യുതാനന്ദൻ നേരിട്ടിറങ്ങിയ ചരിത്രം നമുക്കുമുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി.എസ് സർക്കാരിന്റെ കാലത്ത് കയർമേഖലയിൽ വലിയ ഇടപെടലുകളാണ് നടത്തിയത്.ഏതു പ്രതിസന്ധിയെയും കയർമേഖല അതിജീവിക്കുമെന്നും സുധാകരൻ പറഞ്ഞു.
ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്ന സെമിനാറിൽ കയർതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ വിഷയം അവതരിപ്പിച്ചു.എൻ.എസ്.ശിവപ്രസാദ് മോഡറേറ്ററായി.കയർബോർഡംഗം മഹാദേവൻ പവിത്രൻ,മുൻ അംഗം എം.പി.പവിത്രൻ,കയർകോർപ്പറേഷൻ മുൻചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ്,എ.പി.പ്രകാശൻ,എം.സി.സിദ്ധാർത്ഥൻ,കെ.ഉമയാക്ഷൻ,ഡി.സനൽകുമാർ,പി.ഡി.ബിജു,കെ.കെ.സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.