
ആലപ്പുഴ: ദേശീയപാത വികസനത്തിനായി പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളുടെ അടിത്തറയിലെ മണ്ണ് അനധികൃതമായി കടത്തുന്നതായി പരാതി. മണലെടുപ്പിനെതിരെ ദേശീയപാത അതോറിട്ടിയോ പൊലീസോ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
തുറവൂർ മുതൽ ഓച്ചിറ വരെ 86.4കിലോമീറ്റർ ദൈർഘ്യത്തിലാണ് ആറുവരി പാതയാക്കുന്നതിന് മൂന്ന് റീച്ചുകളിലായി കരാർ നൽകിയത്. പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ 37.5 കിലോമീറ്ററിൽ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിന്റെ മറവിലാണ് മണൽ കടത്ത്. കഴിഞ്ഞ ദിവസം അമ്പലപ്പുഴ കരൂർ ഭാഗത്ത് നിന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച മണ്ണ് നാട്ടുകർ തടഞ്ഞിട്ടു. കളക്ടറുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയൂം അനുമതിയോടെയാണ് തങ്ങൾ മണ്ണ് എടുക്കുന്നതെന്നാണ് ലോറിയിലെത്തിയവർ പറഞ്ഞത്. പ്രദേശവാസികൾ ഇത് അംഗീകരിച്ചില്ല.
പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളുടെ ഇഷ്ടികയും കോൺക്രീറ്റുകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഇത് പലയിടത്തും അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. പ്രധാന കരാറുകാർ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് സബ് കരാർ നൽകിയിട്ടുണ്ട്. സബ് കരാർ എടുക്കാത്തവരും രംഗത്ത് എത്തിയിട്ടുണ്ട്.
പൊളിക്കാൻ വ്യാജന്മാരും
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിലും തട്ടിപ്പുള്ളതായി പരാതി. തോട്ടപ്പള്ളിയിൽ ആൾത്താമസമില്ലാത്ത കെട്ടിടം പൊളിച്ചു കടത്താൻ ശ്രമിച്ചിരുന്നു. കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ കരാർ എടുത്തയാളുടെ സബ് കരാറുകാരെന്ന നിലയിലായിരുന്നു കെട്ടിടം പൊളിച്ചു നീക്കാൻ സംഘം എത്തിയത്. നാട്ടുകാർക്ക് സംശയം തോന്നിയതോടെ സംഘവുമായി വാക്കേറ്റമുണ്ടായി. തർക്കം മൂത്തതോടെ നാട്ടുകാർ പൊലീസിനെ വിളിച്ച വിവരം അറിഞ്ഞ് സംഘം മുങ്ങി. കാക്കാഴത്ത് നിന്ന് മണലെടുത്ത് കടത്താൻ ശ്രമിച്ച് മൂന്ന് വാഹനങ്ങൾ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡ് വികസനത്തിനായെടുത്ത സ്ഥലത്തു നിന്ന് മണൽ കുഴിച്ചെടുത്ത് വിൽക്കുന്ന സംഘം അമ്പലപ്പുഴ, കരൂർ, കാക്കാഴം, തോട്ടപ്പള്ളി എന്നിവിടങ്ങളിൽ ശക്തമാണ്.
"അധികാരികളുടെ അറിവോടെയാണോ ഈ മണ്ണെടുപ്പു നടക്കുന്നതെന്ന് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കണം. മണ്ണെടുപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കണം.
- അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ചെയർമാൻ, ജനസമിതി.