ആലപ്പുഴ: സി.പി.ഐ നേതാവായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസൺ രാജിവച്ചു. രാജി സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറി കെ.രേഖ റിട്ടേണിംഗ് ഓഫീസറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിവരം അറിയിച്ചു. കഴിഞ്ഞ മാസം 21 നായിരുന്നു കേസിനാസ്പഥമായ സംഭവം.

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും യുവതിയുടെ ബന്ധുക്കളെ അക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. മണ്ണഞ്ചേരി പൊലീസ് കേസെടുത്തോടെ സിംസൺ ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. ജോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സി.പി.എം നേതൃത്വം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാനും നിർദ്ദേശിച്ചിരുന്നു. രാജി വൈകിയതോടെ സി.പി.ഐയും കോൺഗ്രസും പ്രതിഷേധ സമരത്തിലായിരുന്നു.