അമ്പലപ്പുഴ: മത്സ്യവുമായി തീരത്തേക്കെത്തിയ കാരിയർ വള്ളം കാറ്റിലും തിരതിലും പെട്ട് തകർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി. കാക്കാഴം കുറ്റിമൂട്ടിൽ രത്നകുമാറിന്റെ ഉടമസ്ഥതയിലുള്ള പി.കെ.ദേവി എന്ന മത്സ്യബന്ധന വള്ളത്തിന്റെ ഫൈബറിൽ നിർമ്മിച്ച കാരിയർ വളളമാണ് ഇന്നലെ രാവിലെ 10.30 ഓടെ കായംകുളം സ്രായിക്കാട് ക്ഷേത്രത്തിന് സമീപത്തെ കടൽത്തീരത്തു നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് മാറി മുങ്ങിയത്. നിറയെ മത്സ്യവുമായെത്തിയ ർ വള്ളം കൂറ്റൻ തിരമാലയിലും കാറ്റിലും പെട്ട് മറിയുകയായിരുന്നു. ഈ സമയം വള്ളത്തിലുണ്ടായിരുന്ന ഷാജി, സന്തോഷ്, സുരേഷ്, എംബുലിദാസ് എന്നിവരെ വള്ളം ഉടമ സഞ്ചരിച്ച ഒപ്പമുണ്ടായിരുന്ന വള്ളത്തിൽ കയറ്റി കരയിലെത്തിച്ചു. മുങ്ങിയ വള്ളം കരയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. 4 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി രത്ന കുമാർ പറഞ്ഞു.