
തുറവൂർ: തുറവൂർ പഞ്ചായത്ത് ഗവ. മൃഗാശുപത്രിയിൽ ദുരിതത്തിൽ ക്ഷീര കർഷകർ. ആശുപത്രിയിൽ സ്ഥിരം ഡോക്ടർ ഇല്ലാതായിട്ട് മൂന്ന് മാസം പിന്നിടുന്നു .സ്ഥിരം ഡോക്ടർ ഇല്ലാത്തതിനാൽ ക്ഷീര കർഷകർ ഉൾപ്പടെയുള്ളവർ വലയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിന് കിഴക്കുവശം പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഡോക്ടറടക്കം 4 സ്റ്റാഫുകളാണ് ഉള്ളത്. മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന വെറ്ററിനറി സർജൻ സ്ഥലം മാറ്റം ലഭിച്ചു പോയെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. കോടംതുരുത്ത് മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് ഇവിടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. തുറവൂർ മൃഗാശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം ഈ ഡോക്ടർ സേവനം നൽകുന്നുണ്ട്. എന്നാൽ നിത്യേന മൃഗങ്ങൾക്കും പക്ഷികൾക്കും ചികിത്സ തേടി തീരദേശം ഉൾപ്പടെ വിവിധയിടങ്ങളിൽ നിന്ന് ആശുപത്രിയിൽ എത്തുന്നവർക്ക് പൂർണ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. കൂടുതൽ ദിവസങ്ങളിലും ആശുപത്രിയിൽ എത്തുന്നവർ നിരാശരായി മടങ്ങി പോകേണ്ട അവസ്ഥയാണുളളത് . അടിയന്തര സാഹചര്യങ്ങളിൽ മൃഗഡോക്ടറുടെ സേവനവും മരുന്നും യഥാസമയം ലഭിക്കാത്തതിനാൽ ക്ഷീര കർഷകരും വളർത്തുമൃഗങ്ങളുടെ ഉടമകളും വളരെയധികം ദുരിതമാണ് അനുഭവിക്കുന്നത്. തുറവൂർ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും നിരവധിയാളുകളുടെ ഏകാശ്രയമായ മൃഗാശുപത്രിയിൽ ഡോക്ടറെ എത്രയും വേഗം നിയമിക്കണമെന്നാവശ്യം ശക്തമാണ്.