ആലപ്പുഴ: ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണം മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകനയോഗത്തിൽ തീരുമാനം. സെപ്തംബർ 15 നുള്ളിൽ പാലങ്ങളും ഒക്ടോബർ 15നുള്ളിൽ റോഡു നിർമ്മാണവും പൂർത്തിയാക്കും. റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെട്ടു. 30നുള്ളിൽ വൈദ്യുതിഭവന്റെ മതിൽ പൊളിച്ച് ബദൽ സംവിധാനം ഉറപ്പുവരുത്തും. പുറംപോക്കിലുള്ള കെട്ടിടങ്ങളും മരങ്ങളും ഒരുമാസത്തിനുള്ളിൽ നീക്കം ചെയ്യും.
ആലപ്പുഴ നെഹ്രുട്രോഫി വാർഡിൽ നിർമ്മിക്കുന്ന പുന്നമട പാലത്തിന്റെ ടെണ്ടർ നടപടികൾ സെപ്തംബർ 30 നുള്ളിൽ പൂർത്തിയാക്കും. നവംബർ 1 ന് നിർമ്മാണം ആരംഭിക്കുവാൻ കഴിയുന്ന നിലയിൽ തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ റവന്യൂവകുപ്പിനും കെ.ആർ.എഫ്.ബി.യ്ക്കും പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർദ്ദേശം നൽകി. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആർ.സുധീഷ്, കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ, റവന്യൂ ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.