മാവേലിക്കര: കർക്കടക വാവുമായി ബന്ധപ്പെട്ട് കണ്ടിയൂർ ബലിതർപ്പണ നടത്തിപ്പിന് എം.എസ് അരുൺകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ബലിതർപ്പണം നടത്തുന്നതിനായി ആറിന്റെ പ്രദേശത്ത് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ഇരുമ്പ് വലകെട്ടി തിരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
അന്നേ ദിവസം വാഹന ഗതാഗതം നിയന്ത്രിക്കും. കണ്ടിയൂർ തെക്കേ നടയിൽ നിന്നു മാത്രം വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. ആറാട്ട് കടവിൽ നിന്നും കണ്ടിയൂർ ബൈപ്പാസ് വഴി പുറത്തേക്ക് വാഹനങ്ങൾ പോകണം.
ആരോഗ്യ വകുപ്പ് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി ആറാട്ട് കടവിൽ പ്രവർത്തിക്കും. ഫയർ ആൻഡ് റസ്ക്യൂ ടീം സ്കൂബ ടീം ഉൾപ്പെടെ പൂർണ സജ്ജരായി ഉണ്ടാകും. ബലിതർപ്പണം ചെയ്യുന്ന സ്ഥലത്ത് സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ദേവസ്വം ബോർഡ് സജ്ജീകരിക്കും. ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ അടിയന്തരമായി പൂർത്തീകരിക്കും. പൊലീസിന്റെ പൂർണ സാന്നിധ്യം ഉണ്ടാകും. എക്സൈസിന്റെ പരിശോധന എല്ലായിടത്തും ഉണ്ടാകും.
പൈപ്പ് ലൈൻ വഴി മുഴുവൻ സമയവും വാട്ടർ അതോറിട്ടി ശുദ്ധജല വിതരണം ചെയ്യും. ആറാട്ട് കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് ഗതാഗത യോഗ്യമാക്കും. ഈ ക്രമീകരണങ്ങൾ സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഈ മാസം 25ന് റിവ്യൂ മീറ്റിംഗും സ്ഥല പരിശോധനയും തീരുമാനിച്ചു. നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, വാർഡ് അംഗം കെ.ഗോപൻ,തഹസീൽദാർ ദിലീപ്, ഡെപ്യൂട്ടി തഹസീൽദാർ സുരേഷ് ബാബു, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, കണ്ടിയൂർ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, എക്സൈസ്, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി, മേജർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പ് മേധാവികളും പങ്കെടുത്തു.