a

ആലപ്പുഴ: മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടി വരെ ആലപ്പുഴ ചേർത്തല കനാലിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിന് വേണ്ടി കിഴക്കേ കരയിൽ റോഡിന്റെ പകുതിയിലധികം ഭാഗത്ത് കല്ലും ചെളിയും വാരിവെച്ചതോടെ വാഹന ഗതാഗതം തടസപ്പെട്ടു. സമീപത്ത് തന്നെ റോഡിന് കുറുകെ കലുങ്ക് പണി നടക്കുന്നതിനാൽ ഈ വഴി ഗതാഗതം പൂർണമായി സ്തംഭിച്ച അവസ്ഥയാണ്. മട്ടാഞ്ചേരിയിൽ വടക്കു നിന്ന് തെക്കോട്ടും കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് റോഡിലേക്ക് പ്രവേശിക്കാനാവില്ല. ഇതോടെ സ്കൂൾ ബസുകളടക്കം റൂട്ട് തിരിച്ച് വിട്ടാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ചാത്തനാട്- ത്രിവേണി റോഡിൽ നിന്നും മന്നത്ത് സ്‌കൂളിന്റെ ഇട റോഡ് വഴി സഞ്ചരിച്ചാണ് ബസുകൾ കുട്ടികളെ എത്തിക്കുന്നത്. സംരക്ഷണ ഭിത്തി നിർമാണം വടക്കോട്ട് പുരോഗമിക്കുന്നതിനാൽ അടുത്ത റോഡ് വഴിയുള്ള യാത്രയും തടസപ്പെടും. ത്രിവേണി ഭാഗത്തു നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഇട റോഡുകൾ ഇടുങ്ങിയതായതിനാൽ നിർമ്മാണം പുരോഗമിക്കുന്നതോടെ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള താത്കാലിക ബുദ്ധിമുട്ട് വർദ്ധിക്കും.

സ്‌കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾക്ക് ആശ്രമം ഭാഗത്തു നിന്ന് കൊമ്മാടി പുതിയ പാലത്തിന്റെ കിഴക്കേ വശത്തു കൂടി റോഡിൽ പ്രവേശിക്കാനുള്ള സംവിധാനം ഒരുക്കണം. എന്നാൽ മാത്രമേ പണി തീരും വരെയുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാകൂ.

ഫ്രാൻസിസ്, പ്രദേശവാസി