ksdp

23കോടിയുടെ ഓർഡറിൽ 14കോടിയുടെ മരുന്ന്

ആലപ്പുഴ: സംസ്ഥാനത്ത് മരുന്ന് ലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ഔഷധ നിർമ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) മരുന്ന് ഉത്പാദനം വേഗത്തിലാക്കി. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലേക്കായി 59 ഇന മരുന്നുകൾക്കായി മെഡിക്കൽ സർവീസ് കോർപറേഷൻ ജൂൺമാസം ആദ്യമാണ് 23കോടിരൂപയുടെ പുതിയ ഓർഡർ നൽകിയത്. ഇതിൽ 14കോടി രൂപയുടെ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷന് കഴിഞ്ഞ 15നുള്ളിൽ കൈമാറിക്കഴിഞ്ഞു. ഓർഡർ അനുസരിച്ച് ശേഷിച്ച മരുന്ന് ഒരുമാസത്തിനുള്ളിൽ നൽകാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ഒരുമാസമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷമായതോടെ സർക്കാർ നിർദ്ദേശത്തെ തുടർന്ന് കെ.എസ്.ഡി.പിയിൽ മരുന്ന് ഉത്പാദനം വേഗത്തിലാക്കിയത്. പനിക്കും മറ്റുമുള്ള മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷന് കൈമാറിയിട്ടുണ്ട്. 54ലക്ഷം അമോക്സിലിൻ ആന്റി ബയോട്ടിക് ഗുളികളും ന്യുമോണിയ, തൊണ്ടവേദന, ചുമ, സൈനസ് തുടങ്ങിയവയ്ക്കുന്ന 34ലക്ഷം അസിത്രോമൈസിൻ ഗുളികളുമാണ് ഇപ്പോൾ കൈമാറിയത്. പ്രമേഹത്തിനുള്ള മെറ്റ്ഫോർമിനും ഉടൻ കൈമാറും. കഴിഞ്ഞ ഒരാഴ്ചയായി പാരസെറ്റ്മോൾ ഗുളിക, സിപ്പ്, കപ്പ്സിറപ്പ്, ക്യാപ്സൂൾ, കുത്തിവെയ്പ്പ് മരുന്നുകൾ, ട്രിപ്പ് ഇൻജംഗ്ഷനുകൾ കൂടുതലായി ഉത്പാദിപ്പിക്കുന്ന തിരക്കിലാണ്. മരുന്ന് ഉത്പാദനത്തിനുള്ള കൂടുതൽ അംസ്കൃത വസ്തുക്കൾ എത്തുന്നതോടെ അഡീഷണൽ ഷിഫ്റ്റ് ഏർപ്പെടുത്തി മരുന്ന് ഉത്പാദനം കൂട്ടുമെന്ന് അധികൃതർ അറിയിച്ചു.

#അനാവശ്യ വിവാദം

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെ.എസ്.ഡി.പിയിൽ സർക്കാർ നവീകരണ പ്രവർത്തനങ്ങളിലൂടെ കൂടുതൽ മരുന്ന് ഉത്പാദിപ്പിച്ച് കുറഞ്ഞ നിരക്കിൽ സർക്കാർ ആശുപത്ര്രകൾക്ക് നൽകി ലാഭത്തിലായി. സ്വകാര്യ കമ്പനികളുടെ ഇടപെടലിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കി കെ.എസ്.ഡി.പിയെ തകർക്കാൻ ചിലകേന്ദ്രങ്ങൾ ശ്രമം നടത്തിയിരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നിന് ഗുണനിലവാരം കുറഞ്ഞതെന്ന പ്രചാരണവും ഇവർ നടത്തിയിരുന്നു. ഇതോടെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ പുതിയ ഓർഡറുകൾ കെ.എസ്.ഡി.പിക്ക് നൽകാതെ മരുന്ന് എടുക്കുന്നതിൽ മാറിനിന്നു. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിന് വഴിയൊരുക്കി. കെ.എസ്.ഡി.പിയിൽ ഉത്പാദിപ്പുക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ലോകാര്യോഗ സംഘടനയുടെ അംഗീകാരത്തോടെയാണെന്ന് വിവരം പോലും ഇത്തരാക്കർ മറച്ചുവച്ചുള്ള പ്രചരണമായിരുന്നു. സർക്കാരിനെ കെ.എസ്.ഡി.പി മാനേജ്മെന്റ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായതോടെ സർക്കാർ ഇടപ്പെട്ടിരുന്നു. തുടർന്ന് കെ.എസ്.ഡി.പിയിൽ നിന്ന് മരുന്നെടുക്കാൻ മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി. അനുമതി നൽകി. ഓർഡർ വ്യവസ്ഥകളുടെ നടപടിക്രമം പൂർത്തികരിക്കുന്നതിലെ കാലതാമസം ഉണ്ടായെങ്കിലും കോർപ്പറേഷൻ ആവശ്യപ്പെട്ട മരുന്നുകൾ കമ്പനിൽ നകിയിരുന്നു.സ്വകാര്യ കമ്പനികളെക്കാൾ വിലകുറവായതിനാൽ കെ.എസ്.ഡി.പിയിൽ നിന്ന് മരുന്നു വാങ്ങുമ്പോൾ സർക്കാരിനും കോടിക്കണക്കിന് രൂപയാണ് ലാഭംകിട്ടുന്നത്. സ്വകാര്യ കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങിയാൽ വലിയതുക ഇടനിലക്കാരുടെ കൈകളിൽ എത്തും. കെ.എസ്.ഡി.പിയിൽ നിന്ന് ഇത് ലഭിക്കുകയുമില്ല.

"ആവശ്യപ്പെട്ട മുഴുവൻ മരുന്നും ഓർഡർ സമയത്തിന് മുമ്പേ മെഡിക്കൽ സർവീസ് കോർപ്പറേഷന് കൈമാറും. പുതിയ ഓർഡർ ലഭിച്ചാലും കൃത്യസമയത്ത് മരുന്ന് ഉത്പാദിപ്പിച്ച് നൽകാനുള്ള സംവിധാനം കമ്പനിയിൽ ഉണ്ട്.

സി.ബി.ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി