
കറ്റാനം: റോഡ്നിർമ്മാണോദ്ഘാടനത്തിന്റെ ആരവങ്ങൾ ഒഴിയുന്നതിന് മുമ്പ് കുളമായി കുരിശുംമൂട് - മംഗലശ്ശേരി റോഡ്. മാസങ്ങൾക്ക് മുമ്പ് റോഡിന്റെ ആഘോഷകരമായ നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാത്തതിൽ നാട്ടുകാർ പ്രതിേധത്തിലാണ്. പൊട്ടിപ്പൊളിഞ്ഞ് തകർന്ന റോഡിൽ പല സ്ഥലങ്ങളിലും വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതുവരെ സ്ത്രീകളടക്കം 25 പേർ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട പലരുടെയും കാലുകളും കൈകളും ഒടിഞ്ഞ് ചികിത്സയിലാണ്. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ മെറ്റലുകൾ ഇളകി പരന്ന് കിടക്കുന്നത് മൂലം റോഡിലൂടെ സഞ്ചരിക്കാൻ കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതിനിടയിൽ, മണ്ണുമാന്തി ഉപയോഗിച്ച് റോഡ് കുഴിച്ചത് കാൽനടയാത്രക്കാർക്കും സഞ്ചാരയോഗ്യമല്ലാതെയായി. ഇതനിടെ റോഡിന്റെ വശത്ത് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും കുഴികളെടുത്തിരുന്നു. പത്തു വർഷം മുൻപായിരുന്നു റോഡ് പുനർനിർമ്മാണം നടത്തിയത്.പ്രധാനപ്പെട്ട രണ്ട് സ്കൂളുകളിലേക്കും രണ്ട് അങ്കണവാടിയിലേക്കും നാല് ആരാധനാലയങ്ങളിലേക്കും സഞ്ചരിക്കുവാൻ ഈ റോഡാണ് നാട്ടുകാർക്ക് ആശ്രയം. സ്കൂൾ തുറന്ന് ഇതുവരെ എട്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ഭരണിക്കാവ് പഞ്ചായത്തിലെ 9 മുതൽ 12 വരെയുള്ള നാല് വാർഡുകളിലൂടെ പോകുന്ന മൂന്നര കിലോമീറ്ററോളം വരുന്ന റോഡ് പുനർ നിർമിക്കാൻ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 3.17 കോടി രൂപയാണ് അനുവദിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 21 ന് യു.പ്രതിഭ എം.എൽ.എ നിർമാണോദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. പിന്നീട് കരാറുകാരൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനായി മണ്ണ് മാന്തി ഉപയോഗിച്ച് ടാറിംഗിൽ ആഴത്തിലുള്ള വരകൾ ഇടുകയായിരുന്നു. നിർമ്മാണ പ്രവൃത്തികൾ നിലച്ചതോടെയാണ് കൂടുതൽ ദുരിതത്തിലായത്.മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ ക്ഷമ നശിച്ച നാട്ടുകാർ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്. . എന്നാൽ ജൽജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ വേണ്ടിയുള്ള കാല താമസമാണ് ഉണ്ടായതെന്നും നിർമാണ പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.ആറുമാസം മുമ്പ് വലിയ കുഴികൾ അടയ്ക്കുവാൻ റോഡിന്റെ വശങ്ങളിൽ ഇട്ട മെറ്റലുകളും യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്.
...........
'' ജില്ല പഞ്ചായത്ത് റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു. പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണ് നിലനിൽക്കുന്നത്. പരിഹാരം കണ്ടെത്തിയിട്ടുണ്ട്.ഉടൻ നിർമ്മാണം ആരംഭിക്കും.
ഷൈലജ ഹാരിസ്, പഞ്ചായത്തംഗം
''വർഷങ്ങളായി ഉള്ള ദുരിതയാത്രയാണ് ഈ റോഡിൽ ഉള്ളത്. ഒട്ടേറെ അപകടങ്ങൾ നടന്നു കഴിഞ്ഞു. ഉടനടി പരിഹാരം ഉണ്ടാകണം.
കൃഷ്ണകുമാർ,ചെങ്ങാലപ്പള്ളിൽ
''സ്കൂൾ കുട്ടികളും ഇരുചക്രവാഹന യാത്രികരുമാണ് ഈ റോഡിൽ ദുരിതം അനുഭവിക്കുന്നത്. കുട്ടികളുടെ യാത്രയാണ് ഏറെ നൊമ്പര കാഴ്ച്ചയായി മാറുന്നത്.
ടി.ആർ.വേണുഗോപാൽ,നാട്ടുകാരൻ
ഫോട്ടോ: 1 ദുരിതയാത്രയായി മാറിയ ഭരണിക്കാവ് നാമ്പുകുളങ്ങര കുരിശുംമൂട് - മംഗലശ്ശേരി റോഡ് ഫോട്ടോ: 2: ഷൈലജ ഹാരിസ് പഞ്ചായത്തംഗം ഫോട്ടോ: 3: കൃഷ്ണ കുമാർ, ചെങ്ങാപ്പള്ളിൽ ഫോട്ടോ: 4:റ്റി ആർ.വേണുഗോപാൽ നാട്ടുകാരൻ