
മാന്നാർ: കുരട്ടിക്കാട് കെ.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡും, വിവിധമേഖലകളിൽ പ്രാഗത്ഭ്യംതെളിയിച്ച പ്രതിഭകൾക്ക് ആദരവും നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. കെ.ആർ.സി വായനശാല പ്രസിഡന്റ് സലിം പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.ആർ.സി വായനശാല പ്രസിഡന്റ് സലിം പടുപ്പുരക്കലിനെ ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം ജി.കൃഷ്ണ കുമാർ ചടങ്ങിൽ ആദരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (സ്ളൈഗൊ ) ഐർലൻഡിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ.ആർ ശ്യാംകുമാർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കെമിസ്ട്രി പരീക്ഷയിൽ ഒൻപതാംറാങ്ക് നേടിയ അമൃതാ ജി.കൃഷ്ണൻ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഫുഡ് ആൻഡ് സയൻസ് ക്വാളിറ്റി കൺട്രോൾ പരീക്ഷയിൽ ഒൻപതാം റാങ്ക് ജേതാവ് അസ്മി ഷഫീക്ക്, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം ജി.കൃഷ്ണകുമാർ, വെങ്കല ശിൽപ്പി രതീഷ് ആലയ്ക്കൽ, മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ ആശാവർക്കർ കെ.സി രാജേശ്വരി തുടങ്ങിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി രത്നകുമാരി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിഅംഗം ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ, ബ്ലോക്ക്പഞ്ചായത്ത് അംഗം അനിൽ.എസ്.അമ്പിളി, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, ജനസംസ്കൃതി പ്രസിഡന്റ് പി.എൻ ശെൽവരാജൻ, മാന്നാർ നായർ സമാജം പ്രസിഡന്റ് ഹരികുമാർ ആര്യമംഗലം എന്നിവർ സംസാരിച്ചു. കെ.ആർ.സി സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും ട്രഷറർ കെ.ആർ.രഞ്ജിത് നന്ദിയും പറഞ്ഞു.