s

ജി.സുധാകരന്റെ ദീർഘവീക്ഷണത്തിന് കൈയടിച്ച് ജനം

ആലപ്പുഴ: ടാറിട്ട റോഡുകൾ ഒറ്റ മഴയിൽ വിള്ളൽ വീണ് കുണ്ടും കുഴിയുമാകുമ്പോൾ യാതൊരു കോട്ടവും തട്ടാതെ തിളങ്ങി നിൽക്കുന്ന വൈറ്റ് ടോപ്പ് റോഡുകൾ കൂടുതൽ ജനകീയമാകുന്നു. നിലവിൽ വൈറ്റ് ടോപ്പിംഗ് പൂർത്തിയാക്കിയ റോഡുകൾക്ക് പുറമേ നഗരത്തിലെ എല്ലാ പി.ഡബ്ല്യു.ഡി റോഡുകളും ഇത്തരത്തിൽ മാറ്റിപ്പണിയണമെന്നാണ് ആവശ്യം ഉയരുന്നത്. അധികച്ചെലവ്, കാലതാമസം, പണി നടക്കുമ്പോൾ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമുണ്ടായ ബുദ്ധിമുട്ട് തുടങ്ങിയവ മൂലം ധാരാളം പേരാണ് തുടക്കത്തിൽ വൈറ്റ് ടോപ്പ് റോഡുകളെ വിമർശിച്ചിരുന്നത്. എന്നാൽ പണി പൂർത്തിയായി ഒരു വർഷം പിന്നിടുമ്പോൾ സുഗമമായ യാത്ര സാദ്ധ്യമാകുന്നുവെന്ന് വിമർശകർ തന്നെ തുറന്നു സമ്മതിക്കുന്നു. അടുത്ത 30 വർഷത്തേക്ക് റോഡിന് കേടുപാടുണ്ടാവില്ലെന്ന അധികൃതരുടെ ഉറപ്പും ജനങ്ങളുടെ വിശ്വാസവുമാണ് ഇത്തരം റോഡുകൾ വ്യാപകമാക്കണമെന്ന ആവശ്യത്തിന് പിന്നിൽ. നിർമ്മിച്ച് രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ പൊട്ടിപ്പൊളിയുന്ന റോഡുകൾക്ക് പരിഹാരമായാണ് ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ 2021 ജനുവരിയിൽ ആലപ്പുഴയിൽ സംസ്ഥാനത്തെ ആദ്യ വൈറ്റ് ടോപ്പിംഗ് റോഡ് നിർമ്മാണം ആരംഭിച്ചത്.

ഫലം കണ്ട ദീർഘവീക്ഷണം

ടാറിംഗും, ബി.എം.ബി.സിയും ചെയ്ത റോഡുകളുടെ പരമാവധി ആയുസ് രണ്ട് വർഷമായിരിക്കേയാണ് കഴിഞ്ഞ സർക്കാരിലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ സ്വകാര്യ ആവശ്യത്തിനായി 2019ൽ ബംഗളുരൂവിലെത്തിയത്. അവിടെ പരീക്ഷിച്ച പുത്തൻ സാങ്കേതിക വിദ്യകൾ നോക്കിക്കാണാൻ ചീഫ് എൻജിനീയർ നേരിട്ടെത്തി സുധാകരനെ ക്ഷണിച്ചു. വൈറ്റ് ടോപ്പിംഗിന്റെ ആദ്യന്തമുള്ള പ്രവൃത്തികൾ നേരിൽ കണ്ടു. കേരളത്തിലെത്തിയ മന്ത്രി പദ്ധതിയെക്കുറിച്ച് പഠിക്കാൻ ചീഫ് എൻജിനീയറെ ബംഗളൂരൂവിലേക്ക് അയച്ചു. ചെലവേറെയാണെങ്കിലും ദീർഘകാലം നിലനിൽക്കുന്ന പദ്ധതി കേരളത്തിന് അനുയോജ്യമാണെന്ന റിപ്പോർട്ടിന്റെ ആടിസ്ഥാനത്തിൽ നഗരവികസന പദ്ധതിയുടെ ഭാഗമായി വൈറ്റ് ടോപ്പിംഗ് ആലപ്പുഴയിൽ നടപ്പാക്കുകയായിരുന്നു.12 പി.ഡബ്ല്യു.ഡി റോഡുകളെ തിരഞ്ഞെടുത്ത് റോഡ് ഫണ്ട് ബോർഡിൽ നിന്നം 60 കോടി രൂപയും അനുവദിച്ചിരുന്നു.

21 ദിവസത്തിനുള്ളിൽ റോഡ് റെഡി

 5 സെന്റിമീറ്റർ കനത്തിൽ ബി.എം ടാറിംഗ് നടത്തി പ്രതലം നിരപ്പാക്കി

 ഇതിന് മുകളിൽ വൈറ്റ് ടോപ്പിംഗ്

 ടോപ്പിംഗ് സെറ്റായ ശേഷം ഉപരിതലം പരുക്കനാക്കി

 റോഡിൽ 4 -5 മില്ലിമീറ്റർ വീതിയിൽ കൃത്യമായ അകലത്തിൽ ഗ്രിഡുകൾ നിർമ്മിച്ചു

 21 ദിവസത്തിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു

5 : ചെലവ് കിലോമീറ്ററിന് 5 കോടി

പൂർത്തിയാകാതെ ടൈൽ പാകൽ

റോ‌ഡ് നിർമ്മാണം അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇരു വശങ്ങളിലെയും ടൈൽ പാകൽ പലയിടത്തും പൂർത്തിയായിട്ടില്ല. പാതയോട് ചേർന്നുള്ള കാനകളിൽ മൂടി സ്ഥാപിക്കുന്ന ജോലിയും അവശേഷിക്കുന്നു.

ആത്മവിശ്വാസവും ഉറപ്പുമില്ലാതെ ഒരു പദ്ധതിയും ആവിഷ്കരിക്കാറില്ല. അടുത്ത 30 വർഷത്തേക്ക് വൈറ്റ് ടോപ്പിംഗ് റോഡുകൾക്ക് പ്രശ്നങ്ങളുണ്ടാവില്ല. ശേഷിക്കുന്ന ജോലികൾ കോൺട്രാക്ടർമാരും എൻജിനീയർമാരും ആത്മാർത്ഥയോടെ വേഗത്തിൽ പൂർത്തിയാക്കണം

- ജി.സുധാകരൻ, മുൻമന്ത്രി

ടാർ റോഡുകളെക്കാൾ ഗുണമേന്മയുള്ള പുത്തൻ റോഡ് വന്നതിൽ സന്തോഷമുണ്ട്. പക്ഷേ വശങ്ങളിൽ ടൈൽ പാകുന്നതിൽ കാലതാമസം നേരിടുകയാണ്. എല്ലാ പണിയും പൂർത്തിയാകുന്നതോടെ റോഡുകൾ വേറെ ലെവലാകും

- വിനോദ് വേലായുധൻ, വ്യാപാരി, മുല്ലയ്ക്കൽ