ബീച്ചിലും പുന്നമടയിലും സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചു
ആലപ്പുഴ : ടൂറിസം പൊലീസിന്റെ അംഗബലം കുറഞ്ഞ് പട്രോളിംഗ് മുടങ്ങിയതോടെ, ദിവസേന നിരവധി വിനോദസഞ്ചാരികളെത്തുന്ന ആലപ്പുഴ ബീച്ചിലും പുന്നമടയിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവായി. കഴിഞ്ഞ ദിവസം ബീച്ചിൽ അയ്യപ്പൻപൊഴിക്ക് തെക്ക് കമിതാക്കളെ ഭീഷണപ്പെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവമാണ് ഒടുവിലത്തേത്.
ദിവസങ്ങൾക്ക് മുമ്പ് പുന്നമടയിലും സമാനമായ സംഭവം അരങ്ങേറി. ടൂറിസം പൊലീസ് സ്റ്റേഷനിൽ ഇപ്പോൾ രണ്ട് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി ആറു ജീവനക്കാരുമായി 2001ലാണ് പുന്നമടയിൽ ടൂറിസം പൊലീസ് സ്റ്റേഷന്റെ തുടക്കം.
ബീച്ചിലെ സുരക്ഷകൂടി നൽകിയതോടെ 2014ൽ ടൂറിസം പൊലീസ് സ്റ്റേഷൻ ബീച്ചിലേക്ക് മാറ്റി. രണ്ടിടത്തും സുരക്ഷ ഒരുക്കുന്നതിന് അംഗബലം 14ലേക്ക് ഉയർത്തുകയും ചെയ്തു. കഴിഞ്ഞ ഒരുവർഷത്തിനിടെ നടത്തിയ നാല് സ്ഥലംമാറ്റത്തിലൂടെയാണ് അംഗബലം 14ൽ നിന്ന് രണ്ടായി ചുരുങ്ങിയത്. ഇവിടെയുള്ളവരെ സ്ഥലമാറ്റുമ്പോൾ പകരക്കാരെ നിയമിക്കാൻ തയ്യാറാകാത്തതാണ് കാരണം.
ടൂറിസം പൊലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തുന്ന സഞ്ചാരികൾക്ക് ഇപ്പോൾ ഒരു എസ്.ഐയുടെയും ഒരു സിവിൽ പൊലീസ് ഓഫീസറുടെയും സേവനം മാത്രമാണ് ലഭിക്കുന്നത്. അംഗബലം കുറഞ്ഞതോടെ രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന ആലപ്പുഴ ബീച്ചിൽ പട്രോളിംഗ് നിലച്ചു. അവധി ദിവസങ്ങളിൽ ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നോ എ.ആർ ക്യാമ്പിൽ നിന്നോ 10 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അവരുടെ സേവനവും കിട്ടുന്നില്ല.
കുടക്കീഴിലിരുന്നാൽ കവർച്ചക്കാരെത്തും !
ആലപ്പുഴ ബീച്ചിൽ പകൽ സമയത്ത് എത്തുന്ന സഞ്ചാരികളിൽ കമിതാക്കളുടെ എണ്ണവും കൂടുതലാണ്. പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ അയ്യപ്പൻ പൊഴിക്ക് തെക്കുഭാഗത്തും വിജയ് പർക്കിന് പിന്നിലുള്ള മരച്ചുവട്ടിലുമാണ് ഇവർ തമ്പടിക്കുക. നിവർത്തി വച്ച കുടകൾക്ക് കീഴിലിരിക്കുന്ന നിരിവധി ജോടികളെ പകൽ സമയങ്ങളിൽ ഇവിടെ കാണാൻ കഴിയും. അയ്യപ്പൻ പൊഴി ഭാഗത്തുള്ള 17അംഗ സംഘമാണ് കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവരുന്നത്. ഇത്തരത്തിൽ ഒരു വർഷത്തിനിടെ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. വീട്ടുകാർ അറിയുമെന്നതിനാൽ കമിതാക്കളിൽ പലരും പരാതി നൽകാതെ മടങ്ങുകയാണ് പതിവ്. നിരവധി കേസുകളിൽ പ്രതികളായവരാണ് അക്രമി സംഘത്തിലുള്ളത്.
ടൂറിസം പൊലീസിന്റെ അംഗബലം
മുമ്പ്
എസ്.ഐ : 2
സി.പി.ഒ (പുരുഷൻമാർ) :10
സി.പി.ഒ (വനിതകൾ: 2
നിലവിൽ
എസ്.ഐ: ഒന്ന്
സി.പി.ഒ: ഒന്ന്