കായംകുളം : വികസനം കൊതിച്ചിരുന്ന കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ഇരുട്ടടിയായി തരംതാഴ്ത്തൽ. ഡിപ്പോയിൽ നിന്ന് ഓപ്പറേഷൻ സെന്ററിന്റെ നിലവാരത്തിലേക്കാണ് മാറ്റം. തകരായ കെട്ടിടം ഷോപ്പിംഗ് കോപ്ളക്സ് ഉൾപ്പെടെ പുനർ നിർമ്മിക്കുമെന്ന് ജനപ്രതിനിധികളും ജനങ്ങളും സ്വപ്നം കണ്ടിരിക്കുന്നതിനിടയിലാണ് ഈ തീരുമാനമെത്തിയത്.
പുരാതന വാണിജ്യ കേന്ദ്രമായിരുന്ന കായംകുളത്തിന്റെ മുഖമുദ്ര ആയിരുന്ന ബസ് സ്റ്റേഷനിൽ ഇനി മുതൽ മൂന്ന് ജീവനക്കാരാണ് ചുമതലയിലുണ്ടാവുക. മറ്റ് ജീവനക്കാരെ ഹരിപ്പാട് ഡിപ്പോയിലേക്കും കായംകുളം ഓഫീസിലെ മുഴുവൻ ഫയലുകളും ആലപ്പുഴയിലേക്കും മാറ്റി. 77 ബസ് സർവീസുകളും നൂറുകണക്കിന് സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരുമാണ് കൊവിഡ് കാലത്തിന് മുമ്പ് ഇവിടെയുണ്ടായിരുന്നത്.കൊവിഡ് കാലത്തെ പരിഷ്കരണ ഭാഗമായി സ്ഥിരം ജീവനക്കാരുടെ എണ്ണം 283 ആയും താൽക്കാലികക്കാർ പത്തായും ചുരുക്കിയിരുന്നു.
കെ എസ് ആർ ടിസിയിൽ ഭരണനിർവഹണ ജില്ലാ ഓഫീസുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റമെന്ന് യു.പ്രതിഭ എം.എൽ.എയുടെ ഓഫീസ് പ്രതികരിച്ചു.
അഡ്മിനിസ്ട്രഷൻ ,അക്കൗണ്ട്സ് എന്നിവ കാര്യക്ഷമമാക്കുന്നതിനും ചീഫ് ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതിനുമായാണ് ജില്ലാ ഓഫീസുകൾ ആരംഭിച്ചത്. ആലപ്പുഴ, ചേർത്തല ,എടത്വ ,ഹരിപ്പാട്, കായംകുളം,മാവേലിക്കര, ചെങ്ങന്നൂർ, റീജിയണൽ വർക്ക് ഷോപ്പ് മാവേലിക്കര എന്നിവ ഉൾപ്പെടുത്തിയാണ് ആലപ്പുഴ ഭരണ നിർവഹണ ജില്ലാ ഓഫീസ് രൂപീകരിച്ചിട്ടുള്ളത്. ആലപ്പുഴ ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്നതിനാൽ താത്കാലികമായി ജില്ലാ ആസ്ഥാനം ഹരിപ്പാട്ട് കെ എസ് ആർ ടിസി യുടെ പുതിയ കെട്ടിടത്തിലാകും.