അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ 20 ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 10 ന് ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിനു മുന്നിൽ നിന്നും പ്രകടനമായി എത്തുന്ന പ്രവർത്തകർ കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തും. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ധർണ്ണ ഉദ്ഘാടനം ചെയ്യും. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു വേളങ്ങാടൻ അദ്ധ്യക്ഷത വഹിക്കും. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്.സുരേഷ് കുമാർ, എസ്.സീതി ലാൽ ,ആർ.പാർത്ഥസാരഥി വർമ ,സുധിലാൽ തൃക്കുന്നപ്പുഴ, കെ.ജെ.സൗഭാഗ്യകുമാരി , ഷീല ബി.ഭദ്രൻ ,ആർ. അർജ്ജുനൻ തുടങ്ങിയവർ നേതൃത്വം നൽകും.