ഹരിപ്പാട്: റവന്യൂ ടവറിന്റെ നിയന്ത്രണാധികാരം ജില്ലാകളക്ടർക്ക് കൈമാറാൻ തീരുമാനമെടുത്തതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഇതിനുള്ള വിശദമായ പ്രൊപ്പോസൽ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുന്നതിന് കളക്ടർക്ക് റവന്യൂ മന്ത്രി നിർദേശം നൽകി. ഹരിപ്പാട് റവന്യൂ ടവറിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരായ കെ രാജൻ, കെ.എൻ ബാലഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
23 ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നാഥനില്ലാ കളരിപോലെയാണ് റവന്യൂ ടവറിന്റെ പ്രവർത്തനമെന്ന് ചെന്നിത്തല യോഗത്തിൽ ചൂണ്ടിക്കാട്ടി. ആകെയുള്ള രണ്ട് ലിഫ്ടുകളും തകരാറിലാണ്. ഭിന്നശേഷിക്കാർ ഉൾപ്പെടെ ഓഫീസുകളിൽ എത്തിച്ചേരുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ശുചിത്വപരിപാലനത്തിന് കൃത്യമായ സംവിധാനം ഇല്ല. കോമൺ ടോയ്‌ലെറ്റുകൾ ഉപയോഗശൂന്യമായി. സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. റവന്യൂ ടവറിന്റെ ചുമതല ജില്ലാകളക്ടർക്ക് കൈമാറാത്തതിനാൽ ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി ചെന്നിത്തല പറഞ്ഞു.
ലിഫ്ട് സജ്ജമാക്കും, ശുചിത്വം ഉറപ്പാക്കും
കാർത്തികപ്പള്ളി തഹസൽദാറെ എസ്റ്റേറ്റ് ഓഫീസറാക്കി നിയമിക്കും
അറ്റകുറ്റപ്പണിക്ക് പി.ഡ്ബ്ള്യു.ഡി ബിൽഡിംഗ്, ഇലക്ട്രിക്കൽ, വാട്ടർ അതോറിറ്റി, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും
റവന്യൂ ടവറിന്റെ പരിപാലന ചുമതല ഇവർ നിർവ്വഹിക്കും
ടവറിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലെ ജില്ലാ മേധാവികളുടെ യോഗം കളക്ടർ വിളിച്ചു ചേർക്കും.
ഓഫീസുകളിലെ കാഷ്വൽ പാർട്ട് ടൈം സ്വീപ്പർമാരെ വിനിയോഗിച്ച് ടവറിലെ ശുചിത്വപരിപാലനം ഉറപ്പാക്കും
സെക്യൂരിറ്റി ജീവനക്കാരുടെ നിയമനം, വേതനം, ലിഫ്ട് ഓപ്പറേറ്റർമാരുടെ വേതനം തുടങ്ങിയവക്കായി പ്രത്യേക കോർപ്പസ് ഫണ്ട് രൂപീകരിക്കും.
നിലവിൽ പ്രവർത്തിക്കുന്ന സിവിൽസപ്ലൈസ് ഔട്ട്‌ലൈറ്റുകളിൽ നിന്നും ഉചിതമായ തുക വാടക ഇനത്തിൽ ഈടാക്കിയും, നല്ല രീതിയുള്ള ക്യാന്റിൻ സജ്ജീകരിച്ചും ഫണ്ട് കണ്ടെത്തുന്നതിനുളള സാദ്ധ്യത പരിശോധിക്കാൻ ധനകാര്യമന്ത്രി നിർദേശിച്ചു
ലിഫ്ടുകളുടെ അറ്റകുറ്റപ്പണിക്ക് ഹൗസിംഗ് ബോർഡ് അടിയന്തിരമായി ഫണ്ട് അനുവദിക്കും.
റവന്യൂ ടവറിന്റെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഹൗസിംഗ് ബോർഡിൽ നിന്ന് റവന്യൂവകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും