
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപ്പാസിന്റെ മേൽപ്പാലത്തിന് സമാന്തരമായി തീരത്ത് പുതിയ പാലം നിർമ്മിക്കുന്നതിനായി, നൂറ്റാണ്ട് പഴക്കമുള്ള ആലപ്പുഴ കടൽപ്പാലത്തിന്റെ ഒരു ഭാഗം പൊളിച്ചു. കരയോട് ചേർന്നിരിക്കുന്ന ഭാഗത്തെ ഇരുമ്പ് കേഡറുകളാണ് മുറിച്ചു മാറ്റി തുടങ്ങിയത്. കടൽപ്പാലത്തിലൂടെ ചരക്കു വാഹനങ്ങൾ കരയിലേക്ക് എത്തിക്കുന്നതിനുള്ളതായിരുന്നു ഈ ഭാഗം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉരുക്ക് പാളികളാണ് വലിയ കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുന്നത്.
പൈതൃക പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കടൽപ്പാലം നിലനിറുത്തി പുതിയ കടൽപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് ദേശീയപാതക്കായി ഒരു ഭാഗം വിട്ടുനൽകേണ്ടി വന്നത്. 158 വർഷത്തെ പഴക്കമുള്ളതാണ് നിലവിലെ കടൽപ്പാലം. കിഫ്ബിയിൽ നിന്നുള്ള ഫണ്ടുപയോഗിച്ച് പുതിയ കടൽപ്പാലം നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. കൊമ്മാടി മുതൽ കളർകോടുവരെ 6.8കലോമീറ്റർ നീളത്തിലാണ് ബൈപ്പാസ്. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം നഷ്ടമാകാതിരിക്കാൻ 3.2 കിലോമീറ്റർ നീളത്തിൽ മേൽപ്പാലമാണ്. കടൽ തീരത്തോടു ചേർന്നുള്ള ഭാഗത്ത് കൂടി പുതിയ പാലം വരുമ്പോൾ ബീച്ചിന്റെ വിസ്തൃതികുറയുമെന്ന ആശങ്കയുണ്ട്.
"ദേശീയപാത വികസനത്തിന് കടൽപ്പാലത്തിന്റെ ഒരു ഭാഗം ആവശ്യമാണ്. പഴയ കടൽപ്പാലത്തിന്റെ ഭാഗങ്ങളാണ് ഇപ്പോൾ മുറിച്ചു നീക്കുന്നത്'.
- ക്യാപ്‌ടൻ എബ്രഹാം കുര്യാക്കോസ്, പോർട്ട് ഓഫീസർ, ആലപ്പുഴ