
മരട്: വൈറ്റില മേല്പാലത്തിൽനിന്ന് താഴേക്കുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാംവാർഡ് കണിച്ചുകുളങ്ങര പോട്ടാളത്ത് നടരാജന്റെ മകൻ രാജേഷാണ് (38) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. വൈറ്റില വെൽകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നോടെ മരിച്ചു.
ഇടപ്പള്ളി ക്വസ് കോർപ് കമ്പനിയിലെ ടെക്നീഷ്യനായിരുന്നു. വീട്ടിൽനിന്ന് ബൈക്കിൽ ഒറ്റയ്ക്ക് ഓഫീസിലേക്ക് വരികയായിരുന്നു. ബൈക്ക് തെന്നിമറിഞ്ഞ് പാലത്തിന്റെ സംരക്ഷണഭിത്തിയിൽ തട്ടി താഴത്തെ റോഡിലേക്ക് വീണെന്നാണ് പൊലീസ് നിഗമനം. ഹോണ്ട യൂണികോൺ ബൈക്ക് പാലത്തിൽ കിടപ്പുണ്ടായിരുന്നു. ബൈക്കിലും അപകടസ്ഥലത്തും ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് വാഹനങ്ങൾ തട്ടിയതാണോയെന്നും പരിശോധിക്കും.
പാലത്തിന് താഴെ പടിഞ്ഞാറുവശത്തെ റോഡിൽ വീണത് കണ്ട് ഓടിക്കൂടിയവരാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മുമ്പ് നാട്ടിൽ ടി.വി ടെക്നീഷ്യനായിരുന്നു രാജേഷ്. രാധയാണ് അമ്മ. ഭാര്യ: ശ്യാമ. മകൻ: ധ്യാൻ. സഹോദരി: ആശ.