mar
വഴിച്ചേരി മാർക്കറ്റിൽ ഉപയോഗ രഹി​തമായ എയ്റോബിക് കമ്പോസ്‌റ്റ് യൂണി​റ്റ്

ആലപ്പുഴ: നഗരത്തി​ന് സമ്പൂർണ ശുചി​ത്വപദവി​ നേടി​ക്കൊടുക്കാൻ ആരംഭി​ച്ച 'അഴകോടെ ആലപ്പുഴ' കാമ്പയിൻ അട്ടിമറിക്കാൻ വഴി​ച്ചേരി​ വാർഡി​ൽ ബോധപൂർവ ശ്രമങ്ങളെന്ന് ആരോപണം. വാർഡിലെ മത്സ്യ മാർക്കറ്റിലും സമീപ ഭാഗങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവായി. ഭക്ഷണമാലിന്യങ്ങൾ, പഴകിയ മെത്തകളും തുണിത്തരങ്ങളും, മറ്റ് ഖര മാലിന്യങ്ങൾ എന്നിവയാണ് ഈ പ്രദേശത്തുള്ള ഒരുവിഭാഗം താമസക്കാർ റോഡരികിൽ മത്സരിച്ച് ഉപേക്ഷിക്കുന്നത്.

അഴകോടെ ആലപ്പുഴ കാമ്പയിനിന്റെ നാലാം ഘട്ടത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് ശുചിത്വ സമിതി രൂപീകരിച്ചുള്ള പ്രവർത്തനം ശക്തമാക്കിയിരിക്കെയാണ് വഴിച്ചേരി വാർഡിൽ മാലിന്യനിക്ഷേപം അറുതിയില്ലാതെ തുടരുന്നത്. മാലിന്യ സംസ്‌കരണ ഉപാധികൾ ഇല്ലാത്ത മുഴുവൻ വീടുകളിലും ബയോബിൻ നൽകാമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകിയിട്ടും പലരും താത്പര്യം കാട്ടുന്നില്ല. നഗരസഭയുടെ 52 വാർഡുകൾക്കും ശുചിത്വ പദവി നവംബറിൽ പ്രഖ്യാപിക്കാനിരിക്കെയാണ് വഴിച്ചേരിയിൽ മാത്രം ചിലർ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചിത്വ പദവിക്കുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

# വെറുതെയായത് 10 ലക്ഷം

കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നഗരസഭ പത്തു ലക്ഷം രൂപ ചെലവഴിച്ച് വഴിച്ചേരിയിൽ നിർമ്മാണം പൂർത്തീകരിച്ച എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിൽ നാട്ടുകാർ മാലിന്യം നിക്ഷേപിക്കാത്തതിനാൽ ഇത് നോക്കുകുത്തിയായി. ജനങ്ങൾ സഹകരിക്കാതെ വന്നതോടെ മാർക്കറ്റിന് സമീപത്തെ മാലിന്യ നിക്ഷേപം ഒഴിവാക്കാൻ ബിൻ സ്ഥാപിച്ചു. എന്നാൽ, മാർക്കറ്റിനടുത്ത് സ്വകാര്യവ്യക്തി നിർമ്മിച്ച കെട്ടിട സമുച്ചയത്തിനു മുന്നിൽ സ്ഥാപിച്ച ബിന്നുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷൻ ഉത്തരവനുസരിച്ച് ഒന്നരമാസം മുമ്പ് നഗരസഭ ഇവിടെ നിന്ന് ബിന്നുകൾ നീക്കി. ഇതോടെയാണ് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിന് ആക്കം കൂടിയത്. എയ്റോബിക് കമ്പോസ്റ്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് നഗരസഭ അധികൃതർ പറയുന്നു. സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ച് മാലിന്യ നിക്ഷേപകരെക്കൊണ്ട് പിഴ അടപ്പിക്കുന്നുണ്ടെങ്കിലും വലിയ ഗുണമുണ്ടാകുന്നില്ല.

പൊതുഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാത്ത ഒരു സംസ്‌കാരം ജനങ്ങളിൽ വളർത്തിയെടുത്ത് പൊതുജന പങ്കാളിത്തത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളെയും മാലിന്യമുക്തമാക്കുക എന്നതാണ് അഴകോടെ ആലപ്പുഴ ക്യാമ്പയിൻ ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാവരുടെയും സഹകരണത്തോടെ വഴിച്ചേരിയിലെ എയ്റോബിക് കമ്പോസ്റ്റ് യൂണി​റ്റ് തുറക്കാനുള്ള ശ്രമം നടത്തും


സൗമ്യരാജ്, ചെയർപേഴ്സൺ, നഗരസഭ