bsbn

ഹരിപ്പാട് : വലിയഴീക്കൽ പാലവും ലൈറ്റ് ഹൗസും തലയെടുപ്പോടെ നിൽക്കുമ്പോഴും വലിയഴീക്കൽ ഹാർബറിലേക്കുളള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ലൈറ്റ് ഹൗസിനോട് ചേർന്ന് ഹാർബറിലേക്ക് പോകുന്ന റോഡാണ് തകർന്ന് വെള്ളക്കെട്ടായി മാറിയത്. വലിയഴീക്കൽ പാലം തുറന്നുകൊടുത്തതോടെ ഹാർബറിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഹാർബറിലേക്കുളള ഏകവഴികൂടിയാണ് ഇത്. ലൈറ്റ് ഹൗസ് ഭാഗത്തു നിന്ന് ഹാർബർ വരെ റോഡിലെ മെറ്റൽ ഇളകി കുഴികൾ രൂപപ്പെട്ടു. ഇതിൽ വെളളം നിറഞ്ഞു കിടക്കുന്നതിനാൽ ഹാർബറിലേക്കെത്തുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുളളവർ വളരെയധികം ബുദ്ധിമുട്ടുന്നു. മത്സ്യം കയറ്റിക്കൊണ്ടുപോകാനും മറ്റും വരുന്ന വാഹന യാത്രികരും ഹാർബറിലേക്കു വരാൻ പ്രയാസപ്പെടുന്നുണ്ട്. ഹാർബറിന്റെ പ്രവർത്തനം സജീവമായതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവിടേക്ക് ആളുകൾ എത്തുന്നതിന് റോഡിന്റെ ശോചനീവസ്ഥ തടസമാകുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.

ഹാർബറിന്റെ പ്രവർത്തനം സജീവമായതോടെ മത്സ്യത്തൊഴിലാളികൾക്ക് മീൻ വേഗം കച്ചവടം ചെയ്യാൻ കഴിയുന്നുണ്ട്. ഇവിടേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം

- രാജീവൻ (മത്സ്യത്തൊഴിലാളി)

പാലം വന്നതോടെ കൊല്ലത്ത് നിന്നും ധാരാളം വാഹനങ്ങൾ വലിയഴീക്കൽ ഹാർബറിലേക്ക് എത്തുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ തുടർന്നാൽ ഹാർബറിലേക്ക് വരുന്നവരുടെ എണ്ണം കുറയും

- ഹനീഫ (മീൻലോറി ഡ്രൈവർ)