
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ ബസ് സ്റ്റാൻഡ് പേരിഷ മാത്രം ഒതുങ്ങുന്നു. എസ്.രാമചന്ദ്രൻപിള്ള എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2000 ൽ നിർമ്മിച്ച മാന്നാർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ്. റോഡ് തകർന്ന് കുളമായതോടെ ബസുകൾ സ്റ്റാൻഡിൽ കയറാൻ മടിക്കുകയാണ്. കായംകുളം-തിരുവല്ല സംസ്ഥാന പാതയിലൂടെ പോകുന്ന ബസുകൾ പലതും മുമ്പ് തന്നെ ബസ് സ്റ്റാൻഡിൽ കയറാതെയായിരുന്നു യാത്ര. സംസ്ഥാനപാതയിൽ നിന്ന് നൂറുമീറ്റർ മാറിയായതിനാൽ ദൂരക്കൂടുതലും ചുറ്റിക്കറക്കവും കാരണങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളായ കാലങ്ങളിൽ സ്റ്റാൻഡ് കൈയൊഴിഞ്ഞിരുന്നു. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ പേരിനു പോലും സ്റ്റാൻഡിൽ കയറിയിട്ടില്ല. സാമൂഹ്യ പ്രവർത്തകർ കോടതി കയറിയതിന്റെ ശ്രമഫലമായിട്ടാണ് ഏറെക്കുറെ ബസുകൾ സ്റ്റാൻഡിൽ കയറിപ്പോകാൻ തുടങ്ങിയത്. സ്റ്റോർ ജംഗ്‌ഷനിൽ മാന്നാർ-പുലിയൂർ പാതയോരത്ത് സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡിന്റെ മുൻവശത്തെ റോഡും ബസ് സ്റ്റാൻഡിനുള്ളിലെ ടാർചെയ്‌ത ഭാഗങ്ങളും തകർന്നു തുടങ്ങിയിട്ട് നാളുകളായി. മഴയെത്തിയതോടെ റോഡിലെ കുഴികൾ വെള്ളംനിറഞ്ഞ് കുളമായതോടെ യാത്ര ദുസഹമായതാണ് സ്റ്റാൻഡിലേക്ക് ബസുകൾ വരാൻ മടിക്കുന്നത്. ചെങ്ങന്നൂരിലേക്കു പോകുന്ന ബസുകൾ സ്റ്റാൻഡിനു എതിർവശത്ത് നിർത്തി യാത്രക്കാരെ കയറ്റിയിറക്കുകയാണ് പതിവ്. തിരുവല്ല, മാവേലിക്കര ഭാഗങ്ങളിലേക്ക് പോകുന്ന ചിലബസുകൾ സ്റ്റാൻഡിൽ കയറാതെ സ്റ്റോർജംഗ്‌ഷനിലെ സിഗ്നലിനു സമീപം നിർത്തി യാത്രക്കാരെ കയറ്റിഇറക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
.......
# ആവശ്യം ശക്തമാകുന്നു
മാന്നാർ-പുലിയൂർ സംസ്ഥാനപാത പുനർനിർമ്മാണത്തിനു തുടക്കം കുറിച്ചെങ്കിലും പാതിവഴിയിൽ തടസപ്പെട്ടിരിക്കുകയാണ്. നിർമ്മാണം പൂർത്തിയായാൽ ബസ് സ്റ്റാൻഡിനു മുൻവശത്തെ കുളങ്ങൾക്ക് ശാപമോക്ഷമാകുമെങ്കിലും ബസ് സ്റ്റാൻഡിനുള്ളിലെ കുഴികൾഅടച്ച് ടാർ ചെയ്തെങ്കിലേ ബസുകളുടെ സുഗമമായ യാത്ര സാധ്യമാകൂ. റോഡ് കുളമായതോടെ ഇതുവഴിപോകുന്ന ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ചെളിവെള്ളത്തിൽ കുളിക്കേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്. താത്കാലികമായിട്ടെങ്കിലും കുഴികൾ അടച്ച് വെള്ളക്കെട്ടിൽനിന്നും റോഡിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.......
നൂറുകണക്കിന്‌യാത്രക്കാർ യാത്രക്കാർ ദിവസേന വന്നു പോകുന്ന മാന്നാറിലെ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരവും റോഡും നാശത്തിന്റെ വക്കിലായിട്ട് നാളുകളായി. നിരവധിതവണ പരാതിപ്പെട്ടിട്ടും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. അധികൃതരുടെ നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും.
(ഹരി കുട്ടംപേരൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്)
സജി ചെറിയാൻ എം.എൽ.എയുടെ ശ്രമഫലമായി മാന്നാർ സ്റ്റോർജംഗ്‌ഷൻ മുതൽ പുലിയൂർ അമ്പലം വരെയുള്ള സംസ്ഥാന പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നു വരികയാണ്. മഴയായതിനാലാണ് താത്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നത്. സ്റ്റാൻഡിനുള്ളിലും ടാറിംഗ് ജോലികൾ നടത്തി യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
(മുഹമ്മദ് അജിത്, മുൻ ഗ്രാമപഞ്ചായത്തംഗം, സി.പി.എം വെസ്റ്റ് ലോക്കൽകമ്മിറ്റിയംഗം))