
ആകെ കുരുങ്ങി ചേർത്തല
ചേർത്തല : നഗരമദ്ധ്യത്തിൽ എ.എസ് കനാലിന് കുറുകെ അരനൂറ്റാണ്ടോളം മുമ്പ് നിർമ്മിച്ച സെന്റ് മേരീസ് പാലത്തിന്റെ പുനർ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതോടെ ചേർത്തല നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പാലത്തോട് ചേർന്നുള്ള വ്യക്ഷങ്ങൾ മുറിച്ച് മാറ്റുന്നതും കുടിവെള്ള പൈപ്പുകൾ, വൈദ്യുതികേബിളുകൾ എന്നിവ മാറ്റി മാറ്റി സ്ഥാപിക്കുന്നതുമായ ജോലികളാണ് ആരംഭിച്ചത്. അടുത്തയാഴ്ചയോടെയേ പാലം പൊളിച്ചു തുടങ്ങുകയുള്ളൂ. നിർമ്മാണത്തിന്റെ ഭാഗമായി പാലത്തിന്റെ വശങ്ങളിലൂടെയുമുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
ചേർത്തലയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ സ്വകാര്യ ബസുകൾ ഉൾപ്പെടെ സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്നത് ഇതു വഴിയാണ്. പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ തെക്കേ അങ്ങാടി,ഇരുമ്പുപാലം,കോടതി കവല വഴി തിരിച്ചു വിടുന്നതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണം. കാൽനടയാത്രക്കാർക്കായി താത്കാലിക ബണ്ട് നിർമ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. പാലത്തിന്റെ കാലപ്പഴക്കവും,വീതിക്കുറവും നടപ്പാതയില്ലാത്തതും പരിഗണിച്ചാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. കനാലിലെ നീരൊഴുക്ക് സുഗമമാക്കുന്ന തരത്തിലും പാലത്തിലൂടെ റോഡുകളിലേക്ക് സുരക്ഷിതമായി തിരിയുന്നതിനുള്ള സൗകര്യത്തോടെയുമാണ് പാലത്തിന്റെ രൂപകല്പന.
6.33 :സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ച 6.33 കോടി രൂപ ചിലവിലാണ് പാലം നിർമ്മാണം.
നിർമ്മാണ കാലാവധി 10 മാസം
പാലത്തിന്റെ നീളം 24മീറ്റർ, ആകെ വീതി 14 മീറ്റർ
വാഹന സഞ്ചാരത്തിന് 10 മീറ്റർ
ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാത
റോഡുകളുടെ വശങ്ങളിൽ സുരക്ഷാവേലി
ഇരുകരകളിലെയും 6റോഡുകൾ 100 മീ.നീളത്തിൽ വികസിപ്പിക്കും
പത്ത് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം
നിർമ്മാണോദ്ഘാടനം നടന്നത് ജൂൺ 6ന്