
ചേർത്തല : സി.പി.ഐ ചേർത്തല തെക്ക് മണ്ഡലം സമ്മേളനത്തിൽ ഒൗദ്യോഗിക വിഭാഗത്തിന് തിരിച്ചടി. നിലവിലെ സെക്രട്ടറി എസ്.പ്രകാശനെ പരാജയപ്പെടുത്തി ബിമൽ റോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയുടെ പിന്തുണയുണ്ടായിട്ടും നിലവിലെ സെക്രട്ടറി പരാജയപ്പെട്ടത് സംസ്ഥാനതലത്തിൽ തന്നെചർച്ചയ്ക്ക് ഇടയാക്കും. 31 അംഗ മണ്ഡലം കമ്മിറ്റിയിൽ 17പേരുടെ പിന്തുണയിലാണ് ബിമൽ റോയി തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിൽ അവതരിപ്പിച്ച പാനലിനെതിരെ 3 പേർ മത്സരിച്ചെങ്കിലും എല്ലാവരും തോറ്റു. തുടർന്ന് നടന്ന സെക്രട്ടറി തിരഞ്ഞെടുപ്പിലാണ് അട്ടിമറി നടന്നത്.
മണ്ഡലം കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 31 ആയി വർദ്ധിപ്പിച്ചിരുന്നു.
10 പുതുമുഖങ്ങളെ ഉൾപ്പെടുത്തി അവതരിപ്പിച്ച പാനലിനെതിരെയാണ് മൂന്നു പേർ മത്സരിച്ചത്. മണ്ഡലം സെക്രട്ടറിയായി എസ്.പ്രകാശന്റെ പേരാണ് ജില്ലാ നേതൃത്വം നിർദ്ദേശിച്ചതെങ്കിലും ബിമൽറോയിയുടെ പേരും നിർദ്ദേശിക്കപ്പെട്ടതോടെ മത്സരത്തിന് കളമൊരുങ്ങി. 17പേരുടെ പിന്തുണയിൽ ബിമൽ റോയിയെ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ എൽ.ഡി.എഫ് ഭരണത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്.കഴിഞ്ഞ സർക്കാരിൽ മുൻ മന്ത്രി പി.തിലോത്തമന്റെ പ്രവർത്തനങ്ങളെ ഭൂരിപക്ഷം അംഗങ്ങളും പ്രകീർത്തിക്കുകയും ചെയ്തു.