
അർത്തുങ്കൽ: ചേർത്തലയുടെ തീരപ്രദേശ മേഖലയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനമെത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു ഇന്നലെ വിടവാങ്ങിയ പി. എസ്. ദീനാർ. പിതാവിന്റെ പേരിൽ അഞ്ചുവർഷം മുൻപ് ആരംഭിച്ച ഷാഹുൽ ഹമീദ് മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിലൂടെയാണ് കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവർക്ക് ആശ്വാസമെത്തിച്ചത്.
ഏറെ അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങൾക്കിടയിലാണ് രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം അദ്ദേഹം രോഗികളുടെ വേദനകൾക്ക് ആശ്വാസമേകിയത്. നാട്ടുകാരിൽ നിന്നുള്ള സഹായത്തിന് പുറമെ തന്റെ വിപുലമായ സൗഹൃദ് ബന്ധങ്ങളും പാലിയേറ്റിവ് കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം പ്രയോജനപ്പെടുത്തി. പണം തികയാതെ വരുമ്പോൾ പലപ്പോഴും വീട്ടുചെലവിനുള്ള പൈസയെടുത്ത് കാര്യങ്ങൾ നടത്തിയിരുന്നുവെന്ന് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ഹെർബിൻ ഓർമിക്കുന്നു.
സ്ഥിരമായി ഡോക്ടർമാരുടെയും നഴ്സിന്റെയും സേവനം ലഭ്യമാക്കാൻ കഴിഞ്ഞിരുന്നു. സൗജന്യ മരുന്നിനൊപ്പം വീൽചെയർ, വാട്ടർ ബഡ് ഉൾപ്പടെയുള്ള ഉപകരണങ്ങളും നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും സഹായങ്ങൾ ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ജാതി, മത ഭേദങ്ങൾക്കതീതമായി സെന്ററിന്റെ സേവനം ജനങ്ങളിലെത്തിക്കുന്നതിനും ശ്രദ്ധ പുലർത്തിയിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനങ്ങളിലുടനീളം സൗമ്യമായ ഇടപെടലുകളിലൂടെയും എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റാൻ ദീനാറിന് കഴിഞ്ഞിരുന്നു.
സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബന്ധുക്കളെ ഫോണിൽ അനുശോചനമറിയിച്ചു. സി.പി. ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, അസി. സെക്രട്ടറിമാരായ സത്യനേശൻ, കൃഷ്ണപ്രസാദ് , ജില്ലാ പഞ്ചായത്തംഗം എസ്. ശിവപ്രസാദ്, മണ്ഡലം സെക്രട്ടറി ബിമൽ റോയ് തുടങ്ങിയവരുൾപ്പടെ നിരവധി പേർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.