ആലപ്പുഴ: കൊവിഡാനന്തരം ജില്ലയിലെ സ്വകാര്യ ബസുകൾ സാധാരണ നിലയിൽ സർവീസ് പുനരാരംഭിച്ച സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ കർശന പരിശോധന ആരംഭിക്കും. രണ്ട് വർഷത്തോളം സർവീസ് നടത്താതെ കിടന്ന പല ബസുകളുടെയും മെക്കാനിക്കൽ സ്ഥിതി മോശമാണെന്നും, രേഖകൾ കൃത്യമായി പുതുക്കിയിട്ടില്ലെന്നും, നിശ്ചിത യോഗ്യതയില്ലാത്ത ജീവനക്കാരെ സ്വകാര്യ ബസുകളിൽ ജോലിക്ക് നിയമിക്കുന്നെന്നും കാട്ടി ധാരാളം പരാതികൾ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഘട്ടങ്ങളിലായി 'ഓപ്പറേഷൻ സീവ്' എന്ന പേരിൽ ശനിയാഴ്ച മുതൽ പരിശോധന ആരംഭിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാവും പരിശോധന. നിർദ്ദേശങ്ങൾ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് താത്കാലികമായി സസ്പെൻഡ് ചെയ്യുമെന്ന് ആർ.ടി.ഒ സജിപ്രസാദ് അറിയിച്ചു.