
ആലപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത ആലപ്പുഴ എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ അന്വേഷണസംഘം ഒളികാമറ കണ്ടെത്തി. മൊബൈൽഫോൺ കാമറയ്ക്ക് സമാനമായ കാമറയാണ് ക്വാർട്ടേഴ്സിലെ ഹാളിൽ സ്ഥാപിച്ചിരുന്നത്. യുവതി ആത്മഹത്യ ചെയ്ത കിടപ്പുമുറിയും കാമറയുടെ പരിധിയിൽ വരും. മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്യുന്നത് പൊലീസുകാരൻ തത്സമയം കണ്ടിരിക്കാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
സിവിൽ പൊലീസ് ഓഫീസറായ റെനീസ് ഭാര്യ നജല അറിയാതെയാണ് മുറിയിൽ കാമറ സ്ഥാപിച്ചത്. റെനീസിന്റെ മൊബൈൽ ഫോണിലൂടെ കാമറ ദൃശ്യങ്ങൾ കാണാം. ഫോണിലെ രേഖകൾ പൂർണമായി നശിപ്പിക്കപ്പെട്ടതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തൃപ്പൂണിത്തുറയിലെ ഫോറൻസിക് ലാബിന് കൈമാറി. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തത വരുമെന്ന് ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പറഞ്ഞു. കഴിഞ്ഞ മേയ് ഒമ്പതിനാണ് മക്കളായ ടിപ്പു സുൽത്താനെയും മലാലയെയും കൊലപ്പെടുത്തിയ ശേഷം നജല കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. റെനീസിന്റെ നിരന്തര പീഡനവും പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിക്കവേയാണ് മുറിയിൽ സ്ഥാപിച്ചിരുന്ന ചെറിയ കാമറ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നജലയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് കാമറ സ്ഥാപിച്ചതെന്ന് കരുതുന്നു. മരണം നടന്ന ദിവസം വൈകിട്ട് അഞ്ചിന് റെനീസിന്റെ കാമുകി ഷഹാന ക്വാർട്ടേഴ്സിലെത്തിയിരുന്നു. റെനീസിനൊപ്പം ഭാര്യയായി കഴിയാൻ തന്നെയും അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഇരുവരും വഴക്കിട്ടു. രാത്രി 10ന് ശേഷമായിരുന്നു കൂട്ടമരണം. ഈ സമയം ആലപ്പുഴ മെഡി. ആശുപത്രിയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ രാത്രി ഷിഫ്റ്റിൽ ജോലിയിലായിരുന്നു റെനീസ്. ഫോറൻസിക് ഫലങ്ങൾ കൂടി ലഭിച്ച ശേഷം ഈ മാസം അവസാനത്തോടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.