
ചേർത്തല: കഥ ഉൾപ്പെടുന്ന പാഠപുസ്തകവുമായി കഥാകാരൻ സ്കൂളിലെത്തിയപ്പോൾ കുട്ടികൾക്കു കൗതുകം. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസിലാണ് മലയാളം അടിസ്ഥാന പാഠാവലിയിലെ ഹരിതമോഹനം എന്ന കഥയെപ്പറ്റി കുട്ടികളുമായി സംവദിക്കാൻ കഥാകൃത്തും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സുസ്മേഷ് ചന്ദ്രോത്ത് എത്തിയത്.
ഫ്ളാറ്റ് സംസ്‌കാരത്തിൽപ്പെട്ട് പ്രകൃതിയിൽ നിന്ന് അകന്ന് കോൺക്രീറ്റ് വനത്തിൽ കഴിയുന്ന മനുഷ്യർ, ഫ്ളാറ്റ് സംസ്‌കാരത്തിന്റെ പ്രകൃതി നിഷേധവും റിയൽ എസ്റ്ററ്റ് മാഫിയകളുടെ ഇടപെടലും മൂലം സാധരണക്കാരന് അന്യമാകുന്ന വീടെന്ന സ്വപ്നവും ഒരു ചെടി നടാൻ പോലും ഇടമില്ലാത്ത നഗരത്തിന്റെ അവസ്ഥയും മറ്റുമൊക്കെയാണ് ഹരിത മോഹനത്തിൽ പറയുന്നത്. കഥ രചിച്ചയാൾ കൺമുന്നിലെത്തിയപ്പോൾ കുട്ടികൾക്ക് അത് നേരനുഭവമായി. അവരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് ഒരു കുട്ടിക്ക് ഒരു പുതിയ പുസ്തകം എന്ന പരിപാടിയിലൂടെ 1890 പുതിയ പുസ്തകങ്ങൾ സമാഹരിച്ചിരുന്നു. ക്ലാസ് ലൈബ്രറി രൂപീകരണ പരിപാടി ഉദ്ഘാടനം ചേർത്തല നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. സുസ്മേഷ് ചന്ദ്രോത്ത് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് അനൂപ് വേണു അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് അദ്ധ്യാപകരായ സ്റ്റാലിൻ, സബിത, ലക്ഷ്മി, ശാലിനി, രജനി, ജയലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.ഹെഡ് മാസ്റ്റർ എ.എസ്. ബാബു സ്വാഗതവും ഷാജി മഞ്ജരി നന്ദിയും പറഞ്ഞു.