ph

കായംകുളം: കായംകുളം നഗരത്തിലെ റോഡുകൾ കൈയടക്കി വഴിയോര കച്ചവട മാഫിയ. നഗരഭരണ നേതൃത്വത്തിന്റെ അനുമതിയോടെയാണ് കൈയ്യേറ്റ സംഘം നിലയുറപ്പിച്ചിരിക്കുന്നത്. പൊലീസിന്റെ സഹായത്തോടെ മുൻ നഗരസഭ ഭരണകർത്താക്കൾ ഒഴിപ്പിച്ച സ്ഥലങ്ങളാണ് വീണ്ടും കച്ചവട സംഘങ്ങൾ കയ്യേറിയിരിക്കുന്നത്. കൊവിഡിന് ശേഷം നഗരം സജീവമായതോടെ റോഡിലൂടെ സഞ്ചരിക്കാനും വാഹനം പാർക്ക് ചെയ്യുവാൻ കഴിയാത്ത സ്ഥിതിയാണ്. വീതിയില്ലാത്ത റോഡിന് ഇരുവശവും തട്ടുകടകൾക്കാണ് മുൻഗണന. കായംകുളത്തിന് ചുറ്റുമുള്ള നഗരങ്ങൾ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തി വികസന രംഗത്ത് മുന്നേറുമ്പോൾ ശാപം കിട്ടിയ നാടായി മാറിക്കഴിഞ്ഞു കായംകുളം . കച്ചവട മാഫിയ മറ്റുള്ളവർക്ക് ദിവസം ആയിരം രൂപ മുതൽ മുകളിലോട്ട് തറ വാടക വാങ്ങി സ്ഥലം കൈമാറുന്നവരുമുണ്ട്. എൽ.ഡി.എഫാണ് കായംകുളം നഗരസഭ ഭരിയ്ക്കുന്നതെങ്കിലും ഒരു കോൺഗ്രസ് നേതാവിന്റെ നേതൃതത്തിലാണ് മാഫിയയുടെ പ്രവർത്തനം. നഗര ഭരണ നേതൃത്വം ഇതിന് ഒത്താശയും നൽകും. അനധികൃത കൈയ്യേറ്റക്കാരുടെ പറുദീസയാണ് ഇന്ന് കായംകുളം നഗരം. നഗരം തട്ടുകടക്കാർ കൈയ്യേറിയതോടെ പ്രധാന റോഡിലേയും ലിങ്ക് റോഡിലേയും കോടതി റോഡിലേയും ടി.ബി റോഡിലേയും എല്ലാം അനധികൃത കച്ചവടങ്ങൾ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചിരുന്നു. അതിന് ശേഷം പൊലീസിന്റെ ശക്തമായ നിരീക്ഷണവും ഉണ്ടായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും തട്ടുകൾ സ്ഥാനം പിടിച്ചു. ഇനി ഇവരെ ഒഴിപ്പിക്കേണ്ടന്നാണ് പൊലീസിന് നഗര ഭരണ നേതൃത്വം നൽകിയ നിർദ്ദേശം. ഒരോ കടയും മാസം നിശ്ചിത തുക നഗര ഭരണ നേതൃത്വത്തിന് നൽകുന്നതാണ് വഴിയോരക്കച്ചവടക്കാർ നിലനിൽക്കുന്നത്. അനധികൃത നിർമ്മാണങ്ങൾക്ക് ഒത്താശ നൽകിയതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേറെ നടുക്കുന്നുണ്ട്. വഴിയോരക്കച്ചവടക്കാർ നഗരം കൈയടക്കിയതോടെ ഓണത്തിന് നഗരത്തിൽ ഗതാഗക്കുരുക്ക് രൂക്ഷമാകുമെന്നാണ് പൊതുജനങ്ങൾ പറയുന്നത്.

...........

'' കൊവിഡ് തീവ്രത നില നിന്ന ദിവസങ്ങളിൽ നഗരസഭ ഓഫീസിലെ റവന്യൂ വിഭാഗം കേന്ദ്രീകരിച്ച് നിരവധി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകി ലക്ഷ കണക്കിന് രൂപയുടെ അഴിമതി നടത്തി. ഓഫീസ് പ്രവർത്തനം ഭാഗീകമായി നിലച്ച അവസരം മുതലാക്കിയാണ് ഇടനിലക്കാരുമായി ചേർന്ന് ക്രമക്കേടുകൾ നടത്തിയത്. മൂവർ സംഘമാണ് തിരിമറികൾ നടത്തിയത്. ഭരണ നേതൃത്വവും ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേർന്ന് നടത്തിയിട്ടുള്ള മുഴുവൻ ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

കെ.പുഷ്പദാസ്,

മുൻ നഗരസഭ ചെയർമാൻ