ആലപ്പുഴ: പുന്നപ്ര പൂന്തോട്ടം സെന്റ് ജോസഫ്‌സ് എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ വിപുലമായി നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകിട്ട് 3.30ന് ആഘോഷപരിപാടികളുടെ ഭാഗമായി ഗലീലിയ ജംഗ്ഷനിൽ നിന്നു വിളംബരജാഥ ആരംഭിക്കും. പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ് ഫ്ലാഗ് ഒഫ് ചെയ്യും. 4.30ന് സെന്റ് ജോസഫ്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് റാഫേസ് ആനാപറമ്പ് ഉദ്ഘാടനം ചെയ്യും. ഫാ. നെൽസൺ തൈപ്പറമ്പിൽ അദ്ധ്യക്ഷനാകും. ഫാ. ജോർജ്ജ് കിഴക്കേ വീട്ടിൽ സ്വാഗതം പറയും. ശതാബ്ദി സ്മാരക മന്ദിര പ്രഖ്യാപനവും ഫണ്ട് സ്വീകരണവും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പുന്നപ്ര ജ്യോതികുമാർ രചിച്ച് പയസ് കൂട്ടുങ്കൽ സംഗീതം നൽകിയ ശതാബ്ദിഗാനം പൂർവവിദ്യാർത്ഥികൾ അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ ഫാ.ജോസ് സേവ്യർ, സൂസൻ ജോർജ്ജ്, വി.ജെ.ജെസ്റ്റിൻ, ജോസഫ് പറയകാട്ടിൽ, ജോൺസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.