photo
വെള്ളക്കെട്ടിലായ നടപ്പാത

അങ്കണവാടിയിലേക്കുള്ള നടപ്പാതയിൽ വെള്ളക്കെട്ട്, ഇഴജന്തുശല്യം

ചേർത്തല: കുരുന്നുകളുടെ കരംപി​ടി​ച്ച് മാതാപി​താക്കൾ അങ്കണവാടി​യി​ലേക്കു നടക്കുന്ന നടപ്പാത വെള്ളക്കെട്ടി​ലായി​ട്ടും അധി​കൃതർ തി​രി​ഞ്ഞുനോക്കുന്നി​ല്ല. നടവഴി​യി​ൽ പാമ്പി​നെക്കണ്ട് ഭയന്നോടി​യ അമ്മയും കുഞ്ഞും വെള്ളത്തി​ൽ വീണത് അടുത്തി​ടെയാണ്. എന്നി​ട്ടും കാണേണ്ടവർ ഇതൊന്നും ഗൗനി​ക്കുന്നി​ല്ല.

ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈക്കൽ ബീച്ചിന് തെക്ക് കരുണ ബസ് സ്​റ്റോപ്പിന് പടിഞ്ഞാറു വശമുള്ള 65-ാം നമ്പർ അങ്കണവാടിയിലേക്കുള്ള നടപ്പാതയാണ് വെള്ളക്കെട്ടിലായത്. ഇരുപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഒറ്റ മഴയിൽത്തന്നെ നടപ്പാത പൂർണമായും വെള്ളത്തിലാകും. അങ്കണവാടിയലേക്കുള്ള ഏക വഴിയിൽ മഴക്കാലത്ത് കുട്ടികളെ എത്തി​ക്കാൻ മാതാപിതാക്കൾ ബുദ്ധിമുട്ടുകയാണ്. ഈ വഴിയോട് ചേർന്നുള്ള പറമ്പിൽ ഇഴ ജന്തുകളുടെ ശല്യവുമുണ്ട്. വെള്ളം കെട്ടിക്കി​ടക്കുന്നത് മാലിന്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. വെള്ളത്തിൽ നീന്തേണ്ടി​ വരുന്നത് എലിപ്പനി ഉൾപ്പെടെ പടരുന്നതിന് കാരണമാകുമെന്ന ഭയപ്പാടിലാണ് രക്ഷാകർത്താക്കൾ.

നടപ്പാത നിർമ്മിക്കാൻ സ്ഥലം ഉടമ അനുമതി നൽകിയിട്ട് വർഷങ്ങളായി. കുട്ടികൾക്കുള്ള വഴിയായതിനാൽ പ്രദേശവാസികൾ ആവശ്യപ്പെട്ടപ്പോൾ തന്നെ സ്ഥലം വിട്ടുനൽകുകയായിരുന്നു. 40 മീറ്ററിൽ താഴെ മാത്രമാണ് നടപ്പാതയുടെ നീളം. നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പ്രശ്‌നം ഗൗരവത്തിൽ എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഗ്രാമസഭയിലും പഞ്ചായത്തിലും ഈ വിഷയം പലതവണ ഉന്നയിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജയറാണിയാണ് വാർഡിലെ ജനപ്രതിനിധി. രണ്ട് വർഷമായി നടപ്പാത നിർമ്മിക്കാമെന്ന് പറയുന്നതല്ലാതെ നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ചേർത്തല എം.എൽ.എയും മന്ത്രിയുമായ പി.പ്രസാദിന്റ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. നടപ്പാത നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. ബാലാവകാശ കമ്മിഷനുപ്പെടെ പരാതി നൽകും.

.....................

തൊഴിലുകൾ പലതും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ കരാറുകാർ ജോലികൾ ഏറ്റെടുക്കാതായി. അതാണ് നിർമ്മാണം വൈകുന്നത്. ഒരു വാർഡിലും ഇത്തരം ജോലികൾ നടക്കുന്നില്ല. അടിയന്തിരമായി ഇടപെടും

ജയറാണി (ഒന്നാം വാർഡ് അംഗം,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ)