അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയിൽ വീണു പരിക്കേറ്റ, ഏഴു മാസം ഗർഭമുണ്ടായിരുന്ന പശു ചത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാണകത്തിൽ ചവിട്ടി തെന്നി പശു വീണത്. വായു ശ്വാസകോശത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പശു ഇന്നലെ പുലർച്ചെയാണ് ചത്തത്.
ചൊവ്വാഴ്ച രാത്രിയോടെ ശോശാലയിൽ എഴുന്നേൽക്കാൻ പറ്റാതെ പശു നിലത്തു കിടക്കുന്നത് ഭക്തരാണ് ആദ്യം കണ്ടത്. പശുവിൻ്റെ ദയനീയാവസ്ഥ അറിഞ്ഞ് കൂടുതൽ ഭക്തർ ശോശാലയിൽ എത്തി. ഇവർ അറിയിച്ചതനുസരിച്ച് തകഴിയിൽ നിന്നു ഫയർഫോഴ്സെത്തി പശുവിനെ എഴുന്നേൽപ്പിച്ചെങ്കിലും അവശനിലയിലായിരുന്നു. പിന്നീട് മൃഗഡോക്ടർ എത്തി ചികിത്സ നൽകി. ഇതിനിടെ ശോശാലയിൽ ചിലർ അതിക്രമിച്ച് കയറി എന്നു കാട്ടി ദേവസ്വം അധികൃതർ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. നിരവധി പശുക്കളുള്ള ഗോശാല വൃത്തിഹീനമാണെന്നും പരിപാലിക്കാൻ നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ അനാസ്ഥയാണ് പശു ചാകാൻ കാരണമെന്നുമാണ് ഭക്തർ ആരോപിക്കുന്നത്.