ചേർത്തല: ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുള്ള എക്‌സലൻസ്
അവാർഡ്. 96 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്ക് നാടിൻറ്റെ സാമ്പത്തിക അഭയകേന്ദ്രമാണ്.
9,948 അംഗങ്ങളും 1,62,82,914 രൂപയുടെ ഓഹരി മൂലധനവും 82 കോടി നിക്ഷേപവുമുള്ള ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡ് ബാങ്കാണിത്. തുടർച്ചയായി അംഗങ്ങൾക്ക് ലാഭ വിഹിതവും നൽകുന്നു. ചേർത്തല തെക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെ ഗ്രാമത്തിൽ വ്യാപകമായ ജൈവകൃഷിക്ക് ബാങ്കാണ് നേതൃത്വം നൽകുന്നത്. കൃഷിക്ക് പലിശ രഹിത വായ്പകളും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളും നൽകുന്നു. ഇതു വഴി ടൺ കണക്കിന് വിഷരഹിത പച്ചക്കറിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കൊവിഡ് കാലത്ത് പലിശ രഹിത സ്വർണപ്പണയ വായ്പ, കാർഷിക സ്വർണപ്പണയ വായ്പ, ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് കുറഞ്ഞ പലിശനിരക്കിൽ വിവിധ വായ്പകൾ, നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളുടെ വിതരണം,സ്‌കൂളുകൾക്കു വിവിധ സഹായങ്ങൾ എന്നിവയും ബാങ്ക് നൽകുന്നു.
ഞായറാഴ്ചയും പ്രവർത്തിക്കുന്ന പ്രഭാത സായാഹ്ന ശാഖയും മായിത്തറ ശാഖയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്.എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഇവിടെയുണ്ട്. ബാങ്കിനു കീഴിൽ എ ഗ്രേഡ് വായനശാല, റേഷൻ കട, പ്രൊവിഷണൽ സ്റ്റോർ, ആംബുലൻസ് സർവീസ് എന്നിവയും പ്രവർത്തിക്കുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും മുൻനിറുത്തിയുള്ള പ്രവർത്തനമാണ് ബാങ്കിന്റെ വളർച്ചയ്ക്കും അംഗീകാരങ്ങൾക്കും നേട്ടങ്ങൾക്കും കാരണമെന്ന് പ്രസിഡന്റ് ജി. ദുർഗാദാസ് ഇലഞ്ഞിയിൽ പറഞ്ഞു.